Thursday 12 March 2020

ഉമ്മയോട്
ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ
എന്റെ മകൻ ഒരു ഉറുമ്പിനെ പോലും
കൊല്ലത്തവനാണ് എന്ന്
വിലപിച്ചു കരയരുത്
കേൾക്കുന്നവർ വിശ്വസിക്കില്ല
അല്ലെങ്കിൽ.. ഞാൻ അങ്ങിനെയല്ല. 

Tuesday 27 August 2013


കേരള .. ദല്‍ഹി ഡയറി 
കോണ്‍ഗ്രസ്‌ ഹൈകമാന്റ്  കാണാതെ പോയത്.... 



      സോളാര്‍ സരിത വിഷയത്തില്‍ ഉണ്ടായ ഭരണ പ്രതിസന്ധിയും കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ പോരും n ss ,s n d p പോലുള്ള മത സമുദായ സംഘടനകളുമായി u d f ന് ഉണ്ടായ പടല പിണക്കങ്ങളും വേണ്ട വിധം മനസ്സിലാക്കി തക്ക സമയത്ത്  ഒരു നിലപാട് എടുക്കാന്‍ കൊണ്ഗ്രെസ്സ് നേതൃത്വത്തിനു കഴിയാതെ പോയത് ആന മണ്ടത്തരമായി പോയി .
                                   കാരണം സരിത വിഷയം വരുന്നത് വരെ u d fന് വലിയ രാഷ്ട്രീയ പ്രധിസന്ധി ഉണ്ടായിരുന്നില്ല ..n ss ,s n d p യുമായി ബന്ധപെട്ട ചില്ലറ വിഷയങ്ങള്‍ ഒഴിച്ച്. പ്രത്യകിച്ച്  ടി പി വധവുമായി ബന്ധപെട്ടു ഇടതു പക്ഷതിനുണ്ടായ ക്ഷീണത്തില്‍ നിന്ന് അവര്‍ മോചിതരാകാതെ ഇഴഞ്ഞു നീങ്ങുമ്പോള്‍ കിട്ടിയ സരിത വിഷയം പുറത്തു വരികയും അതില്‍ മുഖ്യ മന്തിയുടെ ഓഫീസിനു പങ്കുണ്ടെന്ന് u d f കാര്‍ തന്നെ ആരോപിക്കുകയും അത് സത്യമാണെന്ന് തെളിയുകയും ചെയ്ത സാഹചര്യവും അതിനോടനുബന്ധിച്ചു ഉണ്ടായ പ്രശ്നങ്ങളും u d f ന്‍റെ പ്രതിച്ചായ തകര്‍ന്നു ..ഇടതു പക്ഷം ശക്തമായ സമര പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ കൊണ്ഗ്രെസ്സ്നേതൃത്വം ബുദ്ധി പൂര്‍വ്വം ഇടപെടെണ്ടിയിരുന്നു ..ലോക സഭ തിരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ വീണ്ടും കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി ഭരണം കിട്ടുമോ എന്നാ ആശങ്ക നിലനില്കുന്ന സമയത്ത് രണ്ടു വര്ഷം ഭരിച്ച ഉമ്മന്‍ ചാണ്ടിയെ മാറ്റി രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രി അക്കേണ്ടിയിരുന്നു ..കെ പി സി സി പ്രസിഡണ്ട്‌ ആയി വി സുധീരനെയും നിയമിചിരുന്നെങ്കില്‍  കൊണ്ഗ്രെസ്സിനെ പിന്തുണച്ചിരുന്ന ..ഇപ്പോള്‍ പിണങ്ങി നില്‍കുന്ന n ss ,s n d p പോലുള്ള സംഘടനകളുടെ  പിന്തുണ ഈ പാര്‍ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ ലഭിക്കുകയും കൊന്ഗ്രെസ്സിനകത്തെ പ്രതിസന്ധി ഒരളവോളം പരിഹരിക്കപെടുകയും  ഒരു പത്ത് ലോക സഭ സീറ്റ് കേരളത്തില്‍ നിന്ന്u d f ന് ലഭിക്കുകയും ചെയ്യുമായിരുന്നു .ഇടതു പക്ഷത്തിനു വീണ്ടും പഴയ ശക്തി ലഭിക്കുകയും ചെയ്യില്ലായിരുന്നു . 

       ഇടതുപക്ഷത്തിന്‍റെ വിജയം ....ടി പി വധ ആരോപണത്തിന്റെ ക്ഷീണത്തില്‍ കഴിയുമ്പോഴാണ് സോളാര്‍  വിഷയം ഉയര്‍ന്നു വന്നത് .കിട്ടിയ അവസരം മുതലെടുക്കുകയും u d f ല്‍ തന്നെയുള്ള പി സി ജോര്‍ജ് അടക്കമുള്ള ആളുകളുടെ പിന്തുണയും കൂടിയായപ്പോള്‍ സി പി എം അതിന്റെ പഴയ ശക്തിയിലേക്ക് ഉയര്‍ന്നു .സര്‍ക്കാരിനെതിരെ പ്രതിപക്ഷം അത് വരെ ചെയ്ത ചില സമരങ്ങളില്‍ ജന പിന്തുണ വേണ്ടത്ര ഉണ്ടായിരുന്നില്ല.എന്നാല്‍  സോളാര്‍ വിഷയത്തില്‍ ജനം ഇടതു പക്ഷത്തോടൊപ്പം നിന്നു .സെക്രടരിയെറ്റ് ഉപരോധം വന്‍ ജന പിന്തുണ ലഭിച്ചെങ്കിലും അതിന്‍റെ അവസാനം വേണ്ടത്ര ശോഭ ലഭിച്ചില്ല എന്നാ അഭിപ്രായം ഉയര്‍ന്നു ..
                                  പക്ഷെ ഇവിടെയാണ് സി പി എം ന് വൈകി ബുദ്ധി ഉദിച്ചത് .ഉപരോധ സമരം കൂടുതല്‍ ദിവസത്തിലേക്ക് നീങ്ങുകയാണെങ്കില്‍ സമരം  ശക്തി പ്രാപിച്ചു പ്രവര്‍ത്തകരില്‍ നിന്ന് വല്ല അനിഷ്ട സംഭവം ഉണ്ടാകുകയോ ചെയ്താലോ ...പൊതു താല്പര്യ പ്രകാരവും സര്‍ക്കാര്‍ ഉധ്യോഗസ്തര്‍  ഹൈകോടതിയില്‍ കൊടുത്ത പരാതി പ്രകാരം കോടതിയുടെ വല്ല ഇടപെടല്‍ ഉണ്ടാകുകയോ..ഭരണ സിരാകേന്ദ്രം കുറെദിവസം തുറക്കാതിരിക്കുകയും  ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണാന്‍ അവസരം ഇല്ലാതിരിക്കുകയും ..തിരുവനന്തപുരം നഗരം ലക്ഷ കണക്കിന് പ്രവര്‍ത്തകരുടെ മാലിന്യതാല്‍ ചീഞ്ഞു നാറുമെന്നും. അത് l d f ന് വന്‍ തിരിച്ചടി നേരിടുമെന്ന് നേതൃത്വം മനസ്സിലാക്കിയത്‌ പ്രകാരമാണ് ഒരു പാതി അവസരത്തില്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത് .
                                                                    അത് മാത്രമല്ല ഇടതു പക്ഷത്തിന്‍റെ ജനരോക്ഷത്തിന്റെ ഭാഗമായോ ഉമ്മന്‍ ചാണ്ടി രാജി വെച്ച് പോകേണ്ടി വന്നാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ രമേശ്‌ മുഖ്യമന്ത്രിയാകുകയും സുധീരന്‍ ;കാര്‍ത്തികേയന്‍ ആരെങ്കിലും ഒരാള്‍  കെ പി സി സി പ്രസിഡണ്ട്‌ ആകുകയും ചെയ്താല്‍ യു ഡി എഫ്ന് നഷ്ട പെട്ട പഴയ ജന പിന്തുണ ലഭികുമെന്നും എല്‍ ഡി എഫ് തിരിച്ചറിഞ്ഞു .ഉമ്മന്‍ ചാണ്ടി ഈ വരുന്ന ലോക് സഭ തിരഞ്ഞെടുപ്പ് വരെ തുടരണം എന്ന് ഇടത് പക്ഷം ആഗ്രഹിക്കുന്നു ..തിരഞ്ഞെടുപ്പ് വരെ കരികൊടി പ്രയോഗവുമായി സമര രംഗത്ത് നിലയുറപ്പിച്ച് അണികളെ തൃപ്തി പെടുത്തുകയും മൊത്തം വോട്ടര്‍മാരില്‍ ഗവര്‍മെന്റിനെതിരെ ഒരു സംശയത്തിനു ഇട നല്‍കുകയും ചെയ്തു കൊണ്ടിരിക്കും  ഉമ്മന്‍‌ചാണ്ടിതിരഞ്ഞെടുപ്പ് വരെ തുടര്‍ന്നാല്‍ തീര്‍ച്ചയായും സോളാര്‍ വിഷയവും കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ്‌ പ്രവര്‍ത്തനം മൂലവും യു ഡി എഫ് തകരും അത് ഇടതു പക്ഷത്തിനു നല്ല ഒരു വിജയം സമ്മാനിക്കും ...അപ്പോള്‍ യു ഡി എഫ് നുണ്ടായ ദയനീയ പരാജയത്തില്‍ ഉമ്മന്ചാണ്ടിക്ക് മുഖ്യ മന്ത്രിയായി തുടരാന്‍ കഴിയില്ല ..ആ സമയത്ത് ഐ ഗ്രൂപ്പ്‌ വേണ്ട ചരട് വലി ഡല്‍ഹിയില്‍ നടത്തും രമേശ്‌ മുഖ്യമന്ത്രിയാകും.

           ലോകസഭ തിരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുപക്ഷം മറ്റൊരു കളി കൂടി കളിക്കും യു ഡി എഫ് മുന്നണിയില്‍ നിന്ന് ആരെയെങ്കിലും ചാടിക്കാന്‍ ശ്രമിക്കുകയും ചെയ്യും ..അത് വിജയം കാണാനാണ് കൂടുതല്‍ സാധ്യത .പല ചെറു പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ ചാടാന്‍ നില്കുന്നുണ്ട് പക്ഷെ ഇപ്പോള്‍ അതിന് ശ്രമികില്ല . അങ്ങിനെ വന്നാല്‍ സംസ്ഥാന ഭരണവും പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്  കൂടുതല്‍ എം പി മാരെയും ലഭിക്കും .കേരളം സമ്പൂര്‍ണമായി ഇടതു പക്ഷത്തിന്‍റെ കൈകളില്‍ ചെന്ന് ചേരുകയും ചെയ്യും .അധികാര കൊതിയനായ ഉമ്മന്‍ ചാണ്ടിക്ക് അറിയാം കേരളത്തില്‍ എങ്ങിനെ പാലും തേനും ഒഴുക്കി ഭരിച്ചാലും ഈ അഞ്ചു വര്ഷം കഴിഞ്ഞാല്‍ യു ഡി എഫ് ന് വീണ്ടും അധികാരത്തില്‍ വരാന്‍കഴിയില്ല എന്ന്.രണ്ടു വട്ട സാധ്യത  കേരളത്തില്‍ കുറവാണെന്നും പിന്നീട് ഒരു അഞ്ചു വര്‍ഷത്തിനു ശേഷം ഭരണം കിട്ടിയാലും തനിക്ക് മുഖ്യമന്ത്രി യാകാന്‍ അവസരം കിട്ടില്ലെന്നും മനസ്സിലാക്കിയ ഉമ്മന്‍ കിട്ടുന്ന ദിനങ്ങള്‍ നഷ്ട പെടുത്താതെ അധികാര സുഖത്തില്‍ അലിയും ..വ്യക്തമായ ലോക വീക്ഷണമോ രാഷ്ട്രീയ കാഴ്ചപാടോ ഇല്ലാതെ കൊണ്ഗ്രെസ്സ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു .

Monday 27 May 2013



















              ടിപ്പു സുൽത്താനും ..കരിന്തണ്ടനും 




  ഈ കുറിപ്പ് എഴുതാനുണ്ടായ കാരണം എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത താമരശ്ശേരി ചുരത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ..ചിലപ്പോൾ ഇതൊരു പഴയ പോസ്റ്റ്‌ ആകാം .ഞാൻ കണ്ടിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ .ഇതു എന്റെ നാടുമായി ബന്ധപെട്ട ഒരു സംഭവമായതിനാലാണ് കുറിപ്പ് എഴുതുന്നത്‌ .
അദ്ദേഹം പറയുന്നു മലബാറിലെ നിരവധി അമ്പലങ്ങൾ തകർത്ത ടിപ്പു സുൽത്താനെ അന്യായമായി മഹത്വ വല്കരികുന്നു .ചുരം നിര്മിക്കാൻ വഴികാട്ടിയായ കരിന്തണ്ടനെ ഉയർത്തി കാണിക്കാനും മഹത്വ വല്കരിക്കാനും ആരും മുതിരുന്നില്ല എന്ന് അദ്ദേഹം വിലപിക്കുന്നു. ഞാനാണെങ്കിൽ എന്റെ ബ്ലോഗിൽ ഒരു പോസ്റ്റ്‌ ഇട്ടിട്ട് കുറെ നാളായി ഈ വിഷയവുമായി കൂടുതൽ അറിയാൻ ബ്ലോഗ്‌ ആണ് നല്ലത് എന്നും കരുതുന്നു .ആ കുറിപ്പിന്റെ തുടക്കം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു .


പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം വിസ്മൃതിയില്‍ ആഴ്ത്തി.

നാടിനും നാട്ടുകാര്‍ക്കും നേരെ ഒട്ടേറെ ക്രൂരതകള്‍ കാണിച്ച, മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ടിപ്പുവിന്റെ പേരിന്റെ കൂടെ 'മഹാനായ' എന്ന് ചേര്‍ത്ത് വിളിച്ചു ശീലിച്ച ജനത അയാളെ ഉന്മൂലനം ചെയ്യാനും മൂന്ന് നൂറ്റാണ്ടായി കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്റെ പുറകിലെ ബുദ്ധി കേന്ദ്രവുമായ കരിന്തണ്ടനെ സൌകര്യ പൂര്‍വ്വം മറന്നു.


പ്രിയ സുഹൃത്തെ 
നമ്മുടെ രാജ്യം പല നാട്ടു രാജ്യമായിട്ടായിരുന്നല്ലോ ഉണ്ടായിരുന്നത് എന്ന് താങ്കള്ക്ക് അറിയാമല്ലോ .അക്കാലത്തു ശക്തമായ നിയമങ്ങളുടെ പിൻബലത്തിൽ ആയിരുന്നില്ല നാട്ടു രാജ്യങ്ങളുടെ സഹവർത്തിത്വം .അതിനാൽ തന്നെ നാട്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ ഉണ്ടാകുന്നതു പതിവാണ് .അധികാര പരിധി വർദ്ധിപ്പിക്കുന്നതിനും ധനം കവരുന്നതിനു വേണ്ടിയും നാട്ടു രാജ്യങ്ങൾ തമ്മിൽ നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്‌.തങ്ങളുടെ രാജ്യത്തെ ക്ഷേമ പ്രവർത്തനങ്ങൾക്കും ഭരണ കാര്യങ്ങല്ക്കും യുദ്ധങ്ങളിൽ പിടിച്ചെടുക്കുന്ന മുതലുകൾ  ഉപയോഗിച്ചിരുന്നു  [അന്ന് ലോക ബാങ്കും എ ഡി ബി യും കടം തരാൻ ഉണ്ടായിരുന്നില്ല ]അക്കാലത്തു നാടുവാഴികൾ തങ്ങളുടെ സമ്പത്ത് -മുലകരം,മുതൽ അനേകം നികുതികളിലൂടെ പാവപെട്ട ആളുകളെ കൊള്ളയടിച്ചു ഉണ്ടാക്കിയ സമ്പത്ത് തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളിലായിരുന്നു സൂക്ഷിച്ചിരുന്നത് ഇത്തരം ക്ഷേത്രങ്ങളിൽ തിയ്യൻ മുതൽ ഒരു ഡസനോളം കീഴ് ജാതിക്കാർക്ക് പ്രവേശനം ഇല്ലാ എന്ന് കൂട്ടി വായിക്കണം ].മറ്റു നാടുവാഴികൾ മാറ് മറക്കാൻ അനുവാദം കൊടുത്തതുമില്ല കരവും പിരിച്ചു .ടിപ്പു സ്ത്രീകൾക്ക് മാറ് മറക്കാൻ അനുവാദം നല്കിയ ഭരണാധികാരിയാണ് മൈസൂർ സിംഹം ടിപ്പു സുൽത്താൻ.
 
                         നാട്ടു രാജക്കന്മാരുമായുള്ള യുദ്ധങ്ങളിൽ ടിപ്പുവിന്റെ പടയാളികളിൽ നിന്ന് ചില ക്ഷേത്രങ്ങൾക്ക്  കേടു പാടുകൾ സംഭവിച്ചിട്ടുണ്ട് .അത് വസ്തുതയാണ്.ക്ഷേത്രത്തിൽ ഒളിപ്പിച്ച ധനം കൊള്ള യടിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് കേടുപാടുകൾ സംഭവിച്ചത് .ടിപ്പുവിന്റെ പടയാളികളിൽ ഹിന്ദുവും മുസ്ലിമും ഉണ്ടായിരുന്നു . അത് ഹിന്ദുക്കളുടെ വികാരം വൃണ പെടുത്താനോ ക്ഷേത്രം പൊളിച്ചു പള്ളി പണിയാനോ ആയിരുന്നില്ല .ടിപ്പു ഒരു ക്ഷേത്രവും പൊളിച്ചു എവിടെയും  പള്ളിയാക്കിയിട്ടുമില്ല . മാത്രമല്ല ടിപ്പുവിന്റെ രാജ്യത്ത്  ക്ഷേത്രങ്ങൾ പണിയാൻ ഖജനാവിൽ നിന്ന് സഹായം നല്കിയ ചരിത്രമുണ്ട് .തന്റെ രാജ്യത്തെ പ്രജകളെ ഒരു പോലെ കാണാനും ടിപ്പുവിന് കഴിഞ്ഞിടുണ്ട് .  മഹത്തായ ഭാരത മണ്ണിൽ കടന്നു വന്നു നമ്മുടെ സ്വതന്ത്രവും അഭിമാനവും സമ്പത്തും കവർന്ന ബ്രിട്ടീഷ് കാർക്കെതിരെ ധീരമായി പോരാടിയ ടിപ്പുവിന്റെ ചരിത്രം വളച്ചൊടിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന ഘടകം മറ്റു പലതാണ്.
 
                                         താമരശ്ശേരി ചുരം നിര്മിക്കാൻ വഴി കാണിച്ചത്‌  ആദിവാസി യുവാവ്‌ തന്നെഅതിൽ സംശയമില്ല  [പേരിലും ഫോട്ടോയിലും എനിക്ക് സംശയമുണ്ട് ] അതിനെ കുറച്ചു കാണുന്നില്ല .ചുരത്തെ കുറിച്ച് ഒന്നിൽ  കൂടുതൽ കഥകളുമുണ്ട്.നമ്മുടെ മുൻ ഗാമികളിൽ   നിന്ന്  വാ മൊഴികളായി ലഭിച്ച കഥകളിൽ പല പൊടിപ്പും തൊങ്ങലും കടന്നു കൂടിയിടുണ്ട് .താമരശ്ശേരി ചുരം ഒരി ചെറിയ അത്ഭുതം തന്നെയാണ് .ഇതിൽ ചിന്തികേണ്ടത് ടിപ്പുവിന്റെ സുരക്ഷിത താവളങ്ങളിലേക്ക് എത്തി പെടാൻ ബ്രിട്ടീഷ് എൻജിനീയർമാർ പരാജയ പെട്ട സാഹചര്യത്തിലാണ് കരിന്തണ്ടന്റെ സഹായം തേടുന്നത് .അത് ടിപ്പുവിന്റെയും പിന്നീട് പഴശ്ശി രാജയുടെയുടെയും  പതനത്തിന് കാരണമായി  

                          ടിപ്പു സുൽത്താനെ അക്രമികുന്നതിനുo വയനാട്ടിലെ സമ്പത്ത് കവരുന്നതിനു വേണ്ടിയും വെള്ളകാരുടെ ഭീഷണിക്കോ ചില സമ്മാനങ്ങൽക്കോ വേണ്ടി മാത്രം നിഷ്കളങ്കനായ ഒരു ആദിവാസി യുവാവ്  ചെയ്ത ഒരു കാര്യം പറയാൻ  സുഹൃത്ത് ശ്രമിച്ചത്‌ ചരിത്രത്തെ വളച്ചൊടിച്ചു കരിന്തണ്ടനെ  ടിപ്പുവിനെ കാളും മഹത്വ വല്കരിക്കാനും   ബിംബവല്കരിക്കാനുള്ള പരിശ്രമവും നടത്തി  .ഒരു ആദിവാസി ആയതു കൊണ്ട് മാത്രമല്ല കരിന്തണ്ടൻ വിസ്മ്രിതിയിൽ കഴിയേണ്ടി വന്നത് .തന്റെ നിസ്വഹയവസ്ഥയിൽ ആണെങ്കിൽ പോലും ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒരു ഒറ്റുകാരന്റെ റോളിൽ  കരിതണ്ടൻ പ്രവര്ത്തിച്ചു എന്ന് പറഞ്ഞാൽ തള്ളി കളയാനകില്ല.തീർച്ചയായും ഇന്നു ആയിരങ്ങൾക്ക് യാത്ര മാര്ഗം തന്നെയാണ് എന്ന് വിസ്മരികുന്നില്ല ..ബ്രിട്ടീഷുകാർ അവരുടെ  ആവിശ്യം കഴിഞ്ഞപ്പോൾ ആദിവാസിയായ യുവാവിനെ ബ്രിട്ടീഷുകാർ കൊല പെടുത്തുകയും ചെയ്തു .
   
                നമ്മളെ അടിമകളാക്കി വെച്ച ബ്രിട്ടീഷ് കാരോട് ധീരമായി പോരാടിയ ടിപ്പുവിനെ അവഹേളിക്കുകയും കേവലം ഒരു വഴി വെട്ടാൻ സഹായിച്ച വ്യക്തിയെ മഹത്വ വല്ക്കരിക്കാൻ ശ്രമികുന്നത് അംഗീകരിക്കാൻ കഴിയില്ല . 

                         ലോകം മുഴുവൻ സ്നേഹിക്കുകയും മാതൃകയാക്കുകയും ചെയ്ത രാഷ്ട്ര പിതാവിനെ കൊന്നവരെയും  നിരായുധരായ ആയിരങ്ങളെ കൊന്നടുക്കിയവരെയും  ആയിര കണക്കിന് വര്ഷം ഒരു മത വിശ്വാസികൾ പ്രാര്ത്ഥന നടത്തിയ ആരാധനാ കേന്ദ്രം പൊളിച്ചവരെയും മഹത്വ വല്കരിക്കാൻ പേ മെന്റ് ചരിത്രകാരൻമാർ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് കരിതണ്ടനെ  പുതിയ ഭാവത്തിലും രൂപത്തിലും അവതരിപ്പിച്ചു ഒരായിരം ദൈവങ്ങളുടെ ഇടയിൽ പ്രതിഷ്ടിക്കാൻ ഏതോ കോണിൽ  ശ്രമം നടക്കുന്നു  .
                      ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷുകാരുടെ കുടില തന്ത്രങ്ങളിൽ നിന്ന് ഉടലെടുത്ത പല കള്ള കഥകളാണ് നമ്മൾ ഇപ്പോഴും കൊണ്ട് നടകുന്നത്. ഒരു മുസ്ലിം നാമധാരി ആയതിനാൽ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ അകപെട്ടുപോയ ധീര ദേശാഭിമാനിയാണ് ടിപ്പു സുൽത്താൻ.നമ്മുടെ നാട്ടിലെ പല നാട്ടു രാജാക്കന്മാർ ചെയ്തു കൂട്ടിയ കൊള്ളരുതായ് മകൾ പലതും മറന്ന് അവരെ വാനോളം വാഴ്ത്തുന്നത് നമ്മൾ ഇന്നും കണ്ടു കൊണ്ടിരിക്കുന്നു  കാലം മാറി ചാതുർ വർണ്ണ്യം പുതിയ രൂപത്തിലും ഭാവത്തിലും .വിശാല ഹിന്ദു ഐക്യത്തിൽ താഴ്ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാർക്ക്  വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കും .ആദിവാസി കരിതണ്ടൻ വലിയ ഭണ്ടാരമുള്ള കോവിലിലെ ദൈവമാകും .കലികാലം അല്ലാതെന്താണ് പറയുക .ഒരേ മണ്ണിൽ ജനിച്ചവരെ രണ്ടു തരം വായനക്ക് വിധേയ മാക്കുന്നത് ഒറ്റുകാരുടെ പിന്മുറക്കാരാണ്.  

Tuesday 29 January 2013



     സ്വപ്നം 

 ഞാന്‍ ഇന്നലെയും  ഒരു സ്വപ്നം കണ്ടു .വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്നത് എന്റെ ഒരു വീക്നെസ് തന്നെയാണ് .എന്താ ചെയ്യുക ..വേണ്ട എന്ന് വെച്ചാലും കണ്ടു പോകും .ബ്ലോഗ്‌  എഴുതുന്ന ആരും കൊതിക്കുന്ന ഒരു സ്വപ്നം ..സ്വപ്നത്തിലെങ്കിലും  നടന്നല്ലോ. അത് തന്നെ വലിയ കാര്യം.നമ്മുടെ ദര്‍ശന ടി വിയിലെ ഈ ലോകം എന്നെ സല്‍കരിച്ചു .  ശേഷം സ്ക്രീനില്‍ ............   


    നമസ്കാരം .
ഈ ആഴ്ച ഈ ലോകത്തില്‍ നമ്മളോടൊപ്പം ''കുമ്മാട്ടി'' എന്നാ പേരില്‍ ബ്ലോഗ്‌ എഴുതുന്ന ലാലിസലാം .കേരളത്തിലെ ബ്ലോഗര്‍ മാരുടെ ഇടയില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം വായിക്കുകയും സന്ദര്‍ശിക്കുകയും ചെയ്ത അറിയപെടുന്ന ഒരു ബ്ലോഗറാണ് ഇദ്ധേഹം .ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  ആളുകള്‍ക്ക്ഇദ്ധേഹം അപരിചിതനാണ്.വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ ബ്ലോഗെഴുതുന്ന ഇദ്ധേഹത്തിനു  എന്ത് കൊണ്ടും ഈ ലോകം പരിപാടിയില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുണ്ട് ലാലിസലാമിന്റെ വിശേഷങ്ങളിലേക്ക് കടക്കാം .

നമസ്കാരം ..ഈ ലോകത്തിലേക്ക്‌ 

നമസ്കാരം 

എത്ര 
വര്‍ഷമായി താങ്കള്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത്  

ഞാന്‍ പറയാം ..അതിനു മുന്പ് എനിക്കൊരു കാര്യം അറിയാനുണ്ട് .ആയിരകണക്കിന് നല്ല ബ്ലോഗര്‍ മാരുണ്ടായിട്ടും അവരെക്കാള്‍  മുന്നില്‍ എന്നെ വിളിക്കാനുണ്ടായ കാരണം അറിഞ്ഞാല്‍  കൊള്ളാമെന്നുണ്ട് .ബെര്‍ളിയും വള്ളികുന്നും  പോലുള്ള പ്രഗല്പരായ ബ്ലോഗര്‍മാര്‍ ഇരുന്ന സീറ്റില്‍ ഇരിക്കാന്‍ ഞാന്‍ അര്‍ഹനാണോ .വേറെയും അനര്‍ഹര്‍ ഇരുന്നല്ലോ അതിനാല്‍ വിഷമം ഇല്ല .

അത് ..അത്പിന്നെ .. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലല്ലോ .. ഒന്നും കാണാതെ ഞങ്ങള്‍ ആരെയും വിളികില്ല .

ഹ ഹാ ..  അത് എനിക്ക് നന്നായി സുഖിച്ചു 

നമുക്ക് വിഷയത്തിലേക്ക് വരാം ..എത്ര വര്‍ഷമായി ബ്ലോഗ്‌ തുടങ്ങിയിട്ട് .

വെറും രണ്ടു വര്ഷം .


താങ്കള്‍ക്ക് കമന്റും ,ഫോളോവേര്സും വളരെ കുറവാണല്ലോ .. എന്താണ് കുറയാന്‍ കാരണം.മോശം പോസ്റ്റുകള്‍ക്ക് കമെന്റ് കുറയും എന്നാ അഭിപ്രായം താങ്കള്‍ക്കുണ്ടോ.

അതിനു കുറെ കാരണങ്ങള്‍ ഉണ്ട് . ഒന്ന്  ഞാന്‍ ആരെയും പിടലി പിടിച്ചു വായിപ്പികാറില്ല ,രണ്ടു ഒരു പോസ്റ്റ്‌ മറ്റു ബ്ലോഗര്‍ മാരുടെ ഇടയിലേക്ക് കയറ്റുമതി ചെയ്യണം,പിന്നെ മറ്റു ബ്ലോഗര്‍മാരെ പുകഴ്ത്തി സ്ഥിരമായി കാമെന്റ്റ് എഴുതണം ,. ഇതിനൊന്നും ഞാന്‍ മെനകെടാറില്ല .പിന്നെ അധികം ആളുകള്‍ വായിക്കാത്ത പോസ്റ്റുകള്‍ മോശമാണ് എന്നാ അഭിപ്രായം എനികില്ല .അടൂരിന്റെയും ,ടി വി ചന്ദ്രന്റെയും സിനിമകള്‍ എത്ര ആളുകള്‍ കാണാറുണ്ട് .മമ്മൂട്ടി ഫാന്‍സ്‌ പോലും പൊന്തന്‍ മാടയും ,വിധേയനും കണ്ടു കാണില്ല .എല്ലാം ഒരു കൊടുക്കല്‍ വാങ്ങലുകള്‍ മാത്രം .ഇപ്പോ തന്നെ ദര്‍ശന ചാനലിനെ തള്ളിപറഞ്ഞ ഒരു വ്യക്തിയെ ഇന്റര്‍ വ്യൂ ചെയ്തപ്പോള്‍ പ്രശംസ കൊണ്ട് മൂടിയില്ലേ .പോരാത്തതിനു ദര്‍ശന എം ടി ക്ക് പ്രത്യാക ആദരവും .കൊടുക്കാന്‍ തീരുമാനിച്ചു .മനസ്സിലായില്ലേ കൊടുത്താലെ കിട്ടു .

താങ്കള്‍ ഒരു മലയാളം ഗ്രുപിന്റെ അഡ്മിന്‍ ആയിരുന്നു കുറച്ചു കാലം അല്ലെ .അത് ഒഴിവാക്കാനുള്ള കാരണം .

എന്ത് ആദര്‍ശത്തിന്റെ പേരിലാണോ ആ ഗ്രൂപ്പ്‌ തുടങ്ങിയത് അതില്‍ നിന്നല്ലാം അവര്‍  പിന്നോക്കം പോയി .പിന്നെ ചില ആളുകളുടെ മൂട് താങ്ങിയായി  നില്ക്കാന്‍ താല്പര്യം ഇല്ല .ചില അധികാര മോഹ ഭംഗം കൂടി കാരണമായിട്ടുണ്ട് ആ ഗ്രൂപ്പ്‌ തുടങ്ങാന്‍ എന്ന് എനിക്ക് ഇ പ്പോള്‍ തോന്നുന്നു. 

ഇ ലോകം പരിപാടിയില്‍  പങ്കെടുത്ത ബെര്‍ളി പറയുകയുണ്ടായി ..ബ്ലോഗര്‍ മാര്‍ക്ക് ബ്ലോഗില്‍ നിന്ന് വരുമാനം കൂടി വേണമെന്ന് .എന്താണ് നിങ്ങളുടെ അഭിപ്രായം .

എഴുതി പോസ്റ്റ്‌ ചെയ്യാനുള്ള അവസരം കിട്ടിയത് തന്നെ വലിയ കാര്യം .വരുമാനം കിട്ടേണ്ടവര്‍ക്ക്കിട്ടുന്നുണ്ട്  .ബെര്‍ളിക്ക് എന്തോ സാമ്പത്തിക പ്രയാസം ഉണ്ട് എന്ന് തോന്നുന്നു .

താങ്കള്‍ക്ക് ഇതു വരെ എന്തെങ്കിലും പുരസ്കങ്ങള്‍ കിട്ടിയിട്ടുണ്ടോ .

എനിക്കോ ...ഹ ഹ ....  ഒരിക്കല്‍  കുപ്രസിദ്ധ ബ്ലോഗര്‍ മോഹിയുധീന്‍ ഒരിക്കല്‍ എന്റെ ''തന്ത'' ക്ക് വിളിച്ചു .റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒരു ജീവിചിരുപ്പുള്ള  തന്ത  ഉള്ളതിനാല്‍ അത്ര  വിഷമം തോന്നിയില്ല .ചിലര്‍ക്ക് അസൂയ കാണും .  അങ്ങിനെ ഒന്ന് രണ്ടു പുരസ്‌കാരം കിട്ടിയിടുണ്ട് .
    
മറ്റു ബ്ലോഗരുടെ ഇടയില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം .

ബെര്‍ളിത്തരങ്ങള്‍ ..ആദ്യമായി മറ്റൊരാളുടെ ബ്ലോഗ്‌ വായിക്കുന്നതും ബെര്‍ലിത്തരങ്ങളാണ് .

താങ്കള്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങാന്‍ ഉണ്ടായ കാരണം.

പ്രത്യേകിച്ച് കാരണം ഒന്നുമില്ല  ഞാനൊരു എഴുത്ത്കാരനും അല്ല ..പ്രവാസത്തിന്റെ വേദനയില്‍ നിന്ന് കുറിച്ച ചില വാക്കുകള്‍ മാത്രം .മനസ്സിലെ വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിപ്രായങ്ങളും എല്ലാം ഒരു കൂട്ടുകാരനോട് പങ്കു വെക്കുന്നത് പോലെ മാത്രമേ ഞാന്‍ ഇതിനെ കാണുന്നത് 

താങ്കളുടെ പോസ്റ്റില്‍ ഏറ്റവും ശ്രദ്ധിക്കപെട്ട  പോസ്റ്റ്‌ ഏതാണ്.

എന്റെ ഒന്ന് രണ്ടു കവിത കുറച്ചു ആളുകള്‍ വായിച്ചു എന്നല്ലാതെ ...അതു തന്നെ  ഞാന്‍ കുറച്ചു ആള്‍ക്ക് കമെന്റ് എഴുതിയിരുന്നു അവര്‍ കടം വീട്ടിയതാണ് എന്ന് തോന്നുന്നു .  
പുതിയതായി വരുന്ന ബ്ലോഗര്‍മാരോട് എന്താണ് പറയാനുള്ളത് .

ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല എന്നാലും  ഏതു ചവറു പോസ്റ്റിനും കമെന്റ് ഇരന്നു വാങ്ങാതിരിക്കുക .
ക്ഷമിക്കണം ഈ ഇന്റര്‍വ്യൂ പൂര്‍ത്തികരിക്കാന്‍ കഴിയില്ല .ആ നശിച്ച മൂട്ട ഇന്നും എന്റെ സ്വപ്നങ്ങളെ കടിച്ചുണര്‍ത്തി . 

Monday 26 November 2012

                            ചീവിടുകള്‍ 
                            നിര്‍ത്താതെ പറയുന്നത് 

മനുഷ്യന് ആര്‍ത്തിയില്ലാത്ത 
ഒരു ഭൂതകാലം ഉണ്ടായിരുന്നു 
എന്നാ ഓര്‍മ പെടുത്തലാകാം  
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്. 

അല്ലെങ്കില്‍ 
വരാന്‍ പോകുന്ന ആപത്തിനെ കുറിച്ചുള്ള 
സൂചനയാവാം 
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്.

അതുമല്ലെങ്കില്‍ 
വെളിച്ചം നഷ്‌ടമായ ആധുനികയില്‍
ഭ്രമിച്ചു പോയ ഇണയെ 
സത്യമായ ജീവിതത്തിലേക്ക് 
തിരികെ വിളിക്കുന്നതാകാം 
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്.

Friday 9 November 2012





ടാങ്കര്‍ അപകടം ഡ്രൈവര്‍ക്ക് ഫിലിപ്പീന്‍സ് നിയമ സഹായം നല്‍കും ;റിയാദ് ഇരുപത്തി രണ്ട് പേരുടെ ജീവനപഹരിച്ച റിയാദ് ഖുരൈസ് റോഡില്‍ നവംബര്‍ ഒന്നിനുണ്ടായ വാതക ടാങ്കര്‍ ദുരന്തത്തില്‍ പ്രതിയായി സൌദി പോലീസേ കസ്റ്റടിയിലുള്ള തങ്ങളുടെ പൌരനായ റോബിന്‍ കേബെങ്ങിനു വേണ്ട നിയമ സഹായം നല്‍കുമെന്ന് ഫിലിപ്പീന്‍ ഗവര്‍മെന്റ് .വാതക ടാങ്കറിന്റെ ഡ്രൈവറായ കേബെങ്ങ് ദുരന്തത്തെ കുറിച്ച് അന്ന്യേഷണം നടത്തുന്ന സൌദി ഇന്‍വെസ്റ്റ്‌ ഗേഷന്‍ ടീമിന്റെ കസ്റ്റ ടിയില്‍ ആണ് ഉള്ളത് 

ദുരന്തവുമായി ബന്ധപ്പെട്ട സൗദി ഗവണ്‍മെന്‍റിന്‍െറ മുഴുവന്‍ അന്വേഷണ നടപടികളുമായും സഹകരിക്കുമെന്നും ഇക്കാര്യത്തില്‍ റോബിന്‍ കെബേങ്ങിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി ആല്‍ബര്‍ട്ട് ഡെല്‍ റൊസാരിയോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ഘടകങ്ങളുള്ള ഓവര്‍സീസ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന്‍ കെബേങ്ങിന്‍െറ കുടുംബത്തെ നേരില്‍ കണ്ട് മുഴുവന്‍ നിയമ ചെലവുകളും വഹിക്കാന്‍ സംഘടന ഫണ്ട് മാറ്റിവെച്ചതായി അറിയിച്ചു.
കെബേങ്ങ് സംഘടനയുടെ അംഗമായിരുന്നെന്ന് സംഘടനാ ഭാരവാഹി കാര്‍മലിറ്റ ഡിംസണ്‍ പറഞ്ഞു. കെബേങ്ങിന് വേണ്ടി ഫിലിപ്പീന്‍സ് വിദേശകാര്യ വകുപ്പ് അഭിഭാഷകനെയും ഏര്‍പ്പെടുത്തും. അതിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഭൂരിപക്ഷം പേരും ആശുപത്രികള്‍ വിട്ടു. അവശേഷിക്കുന്ന ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ സൗദി ഫോറന്‍സിക് വിഭാഗത്തില്‍ പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഒരു ഫിലിപ്പൈനിയെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍...................................................,,,,,,,,,
റിയാദിലെ   ടാങ്കര്‍ ദുരന്തത്തിലേക്ക് വാഹനം ഓടിച്ച ഫിലിപ്പീനി പൌരനു ഫിലിപ്പീന്‍ ഗവര്‍മെന്റ് നല്‍കുന്ന  പരിരക്ഷ യെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ [മാധ്യമം ദിന പത്രം ]
ദുരന്തത്തെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഈ കുറിപ്പ് .ഞാനും ഒരു പ്രവാസിയാണ്  വലിയ വാഹനം ഓടിക്കുന്ന ഞാന്‍ ഇതു പോലൊരു സംഭവം  എനിക്കോ ഏതെങ്കിലും ഇന്ത്യക്കാരനോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്ന അവസ്ഥ എന്ന് ആലോചിച്ചപ്പോള്‍ ..........
ഇരുപത്തി രണ്ടു ആളുകള്‍ മരണമടഞ്ഞു ,നൂറിലേറെ ആളുകള്‍ക്ക് പരിക്ക് പറ്റി ,നൂറിലേറെ വാഹനങ്ങളും ,കടകളും നശിച്ചു ,ഒരു പാലം തകര്ന്നൂ കോടി കണക്കിന് റിയാലിന്റെ നഷ്ടമാണ് ഉണ്ടായത് .നഷ്ടപെട്ടവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു .
ഫിലിപ്പീനി ഡ്രൈവറുടെ അശ്രദ്ധ യാണ് ദുരന്തം ഉണ്ടാകാന്‍ കാരണമെന്നു പ്രാഥമിക നിഗമനം .ശരിയോ തെറ്റോ സംഭവിക്കാനുള്ളത് സംഭവിച്ചു .അതില്‍ നിന്ന് മുക്തി നേടുകയാണ്‌ ഇനി വേണ്ടത് .സൌദി അറേബ്യയില്‍ ആയതു കൊണ്ട് അത് വേഗം തന്നെ ഉണ്ടാകും എന്ന് ഉറപ്പു ഉണ്ട് .
ഇവിടെ ചിന്തികേണ്ട വിഷയം ഫിലിപ്പീന്‍ എന്ന രാജ്യം അവിടെത്തെ ഒരു  പ്രവാസി  പൌരനു ഭരണാധികാരികള്‍ നല്‍കുന്ന പരിഗണനയും സ്നേഹവും സുരക്ഷിതവും കാണുമ്പൊള്‍ നമ്മുടെ  നാട്ടിലെ ജീര്‍ണിച്ച അധികാരി വര്‍ഗങ്ങള്‍ രാജ്യത്തിന്‍റെ നട്ടെല്ല് കൂടിയായ പ്രവാസികളോട് ചെയ്യുന്ന അവഗണന കാണുമ്പൊള്‍ തോക്കെടുക്കാനാണ് തോന്നാറ് .[കയ്യില്‍ തോക്കില്ല ]
ഈ അപകടം ഒറ്റ പെട്ട താണെങ്കിലും ഫിലിപ്പീന്‍ എംബസി യുടെ ഇത്തരം ഇടപെടല്‍ ഒറ്റ പെട്ടതല്ല .അവരുടെ ഓരോ പ്രവാസിയുടെയും കാര്യത്തില്‍ ഈ  ശ്രദ്ധ അവര്‍ കാണിക്കാറുണ്ട് .സ്വന്തം രാജ്യത്തെ എത്ര ആളുകള്‍ വിദേശത്ത് തൊഴില്‍ എടുക്കുന്നു എന്ന് പോലും അറിയാത്ത കേന്ദ്ര ,സംസ്ഥാന മന്ത്രിമാര്‍ ഉള്ള നാടാണ്‌ നമ്മുടേത്‌. 
അന്യ നാട്ടില്‍ പണിയെടുക്കുന്ന ഓരോ പ്രവാസിയും നാടിന്‍റെ സമ്പത്താണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അധികാരത്തിന്‍റെ സുഖ ലോലതയില്‍ തിമിരം ബാധിച്ച രാഷ്ട്രീയ നപുംസകങ്ങളെ ബഹിഷ്കരിക്കാനും ഒറ്റ പെടുത്തുവാനും രാഷ്ട്രീയം മറന്നു ഓരോ പ്രവാസിയും ഒന്നകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
നികുതി പണം കൊണ്ട് വിദേശ രാജ്യങ്ങള്‍ ചുറ്റിയടിക്കാന്‍ കറങ്ങി നടക്കുന്ന മന്ത്രി പുംഗവന്‍ മാര്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു അങ്ങ് പോകും .അവര്‍ക്ക് സ്വീകരണം കൊടുക്കാന്‍ കുറെ മറ്റവന്‍ മാരും ...പ്രിയപെട്ടവരെ ദയവായി ഇത്തരം വേദികളില്‍ പോയി ഇരുന്നു കൊടുക്കരുത് .
എയര്‍ ഇന്ത്യയെ കുറിച്ച് എഴുതി ബോറടിപ്പിക്കുന്നില്ല ..അത് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അക്രമാസ്ഥാനാകാന്‍ സാധ്യതയുണ്ട് .
പ്രവാസ ലോകത്തെ കുട്ടി നേതാക്കന്മാര്‍ കുറച്ചു കാലം പത്രത്തില്‍ മുഖം കാണിക്കാനുള്ള സ്വീകരണങ്ങളില്‍ നിന്ന് വിട്ടു നിന്നാല്‍ അതൊരു നല്ല തുടക്കമാകുമായിരുന്നു .നമ്മുടെ അടിസ്ഥാന പ്രശ്നപ്രശ്നങ്ങള്‍ക്ക് അല്പം പരിഹാരം ഉണ്ടായാല്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരു പത്രം തന്നെ തുടങ്ങി അതില്‍ ഒരു പേജ് തന്നെ നിങ്ങളുടെ  മുഖം കാണിക്കാന്‍ വേണ്ടി  മാറ്റി വെച്ച് തരാം .
ഒരു ഇന്ത്യ കാരനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.പക്ഷെ  ഒരു ഇന്ത്യന്‍ പ്രവാസിയായതില്‍ ഞാന്‍ ദുഖിക്കുന്ന

Tuesday 25 September 2012

നിള



താരാട്ടിന്‍റെ ഈണം കൊതിച്ചവള്‍
ജീവിതത്തിന്‍റെ താളംവില്‍ക്കപെടുന്നു.
 
കൊയ്തുകഴിഞ്ഞ പാടം പോലെ നിള
ചുമട് ഇറക്കിയ കീഴാളന്റെ കിതപ്പ് 
വിധവയുടെ നെടു വീര്‍പ്പ്
പങ്ക് നഷ്ട പെട്ട കുട്ടിയുടെ നിരാശ
മരണം കാത്തുകഴിയുന്ന വൃദ്ധയുടെ മൂകത 
പോയ കാല വസന്തത്തിന്റെ നനവ് 
കയ്യേറ്റ കാരന്‍റെ ദുര്‍ഗന്ധം. 
ബാക്കിയായ മത്സ്യങ്ങള്‍ 
മോചനത്തിനായി കേഴുന്നു 
അരുതേ എന്ന് ഗ്രന്ഥങ്ങള്‍ 
വിശ്വാസം നടിച്ചവര്‍ അത് കേട്ടില്ല. 

മരണതന്‍ നദിവേഗ 
ജാലകം തുറക്കുന്നു 
പ്രജ്ഞയില്‍ നിലാവിന്‍റെ
കുളിരും ലയങ്ങളും 
അകലെ വാനത്തില്‍
നേര്‍ത്ത കാട്ടിലൂടെ ഒലിച്ചു പോകുന്നു 
ജല കന്യക .



Monday 3 September 2012

ഉത്തരാധുനിക പ്രണയം 

ഓര്‍ക്കാന്‍ ഒന്നുമില്ലാതിരുന്നപ്പോളാണ് പ്രിയപെട്ടവളെ 
എനിക്ക് നിന്നെ കുറിച്ച് ഓര്‍മവന്നത് .
നിഗൂഡതകള്‍ പേറുന്ന ഇരുണ്ടജലാശയത്തില്‍ നിന്ന് 
ഉയര്‍ന്നു പൊങ്ങുന്ന ഒരു പരല്‍മീനിനെ പോലെ നീ .

ഘടികാരത്തിലെ കറുത്ത ചിറകടി 
ഹൃദയത്തെ -
ബീജ ഗണിത ലഘൂകരണത്തിലേക്ക്
വലിച്ചെറിയുന്നു 

ഗണിത ശിഖരത്തില്‍ ജീവന്‍റെ ദുര്‍നാടകം.

വിരസതകള്‍ ചേക്കേറുന്ന ഭ്രാന്തിന്റെനിമിഷങ്ങളില്‍ 
എനിക്ക് നിന്‍റെ ഓര്‍മയും പ്രണയവും വേണം 
ഒരു തുലാവര്‍ഷ മഴപോലെ നീ 
എന്നെ നനയ്ക്കുക .
ദാഹിക്കുമ്പോള്‍ ചുംബനങ്ങളുടെ 
ഒരു ചഷകം തരിക .
മൌനത്തിന്‍റെ പെരുമഴയില്‍ 
നനഞ്ഞു കുളിക്കുമ്പോള്‍ 
ഇന്റെര്‍നെറ്റിലെ പുതിയ ദൃശ്യങ്ങളെകുറിച്ച് പറയാം.
അല്ലെങ്കില്‍ ടെണ്ടുല്‍ക്കറിന്റെ ഗ്രന്ഥപഠനത്തെ കുറിച്ച്,
അതുമല്ലെങ്കില്‍ ഹോളിവൂഡിലെ നൃത്തചിത്രങ്ങളെ കുറിച്ച്....
ഒടുവില്‍ 
ഗര്‍ഭപാത്രത്തിലേക്ക്  തുറിച്ചുനോക്കുന്ന 
കുഞ്ഞിന്‍റെ മരണ മുഖംകണ്ട് 
നിര്‍വികാരമായി കൈ വീശിപിരിയാം.
പിന്നെ ഓര്‍ക്കാം .
വിരസതയുടെ നിമിഷങ്ങളത്രയും
ഓര്‍ക്കാനുള്ളതാണ്.  

Sunday 12 August 2012


എന്‍റെ 
ദുരാഗ്രഹ
ആശങ്കകള്‍ 



                  വയസ്സ് മുപ്പത്തി അഞ്ചു ആയി. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാല്‍ യൂത്ത് കമ്മിറ്റിയില്‍ മെമ്പര്‍ ഷിപ്‌ കിട്ടില്ല. എല്ലാം എത്ര പെട്ടെന്ന്. കുറച്ചു നാള്‍ കൂടി ചെറുപ്പകാരന്‍ എന്ന പേരുണ്ടാകും. അത് കഴിഞ്ഞാല്‍ എല്ലാം പെട്ടെന്നാകും . മധ്യ വയസ്സന്‍ ,വയസ്സന്‍ കിളവന്‍ ,പിന്നെ മരണം ...ഹോ ആലോചിക്കാന്‍ തന്നെ വയ്യ .


         കഴിഞ്ഞു പോയ കുട്ടികാലം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
കോട്ടി [ഗോലി]കളിയും ,മണ്ണ് കൊണ്ട്  ചോറും കറിയും വെച്ചും, ആത്ത മരത്തില്‍  ഊഞ്ഞാല്‍ ആടിയും,മഴയില്‍ കുളിച്ചു നടന്നതും ,പുഴയിലെ മുട്ടോളം വെള്ളം ഉള്ള ഭാഗത്ത്‌ നീന്തി പഠിച്ചതും ,തോര്‍ത്ത്‌ കൊണ്ട് പരല്‍ മീന്‍ പിടിച്ചതും ,കാണുന്ന മാവിനൊക്കെ എറിഞ്ഞതും ,എന്നിട്ട് കേട്ട തെറികളും അങ്ങിനെ എഴുതിയാല്‍ തീരാത്തത്ര എന്തെല്ലാം. ഓര്‍കുമ്പോള്‍ തന്നെ ഒരു പുലര്‍ കാല കുളിര്.

പാല് അയിസും,അരുള്‍ ജോതി മുട്ടായിയും ,പുളി അച്ചാറും ,നാരങ്ങ മുട്ടായിയുടെയും രുചി വായില്‍ നിന്നു മാറിയിട്ടില്ല .അപ്പോഴേക്കും വാര്‍ദ്ധക്യവും മരണവും .എന്തൊരു കഥ .

                       പിന്നെ വിദ്യാഭ്യാസ കാലം .ഇതൊക്കെ എന്നാ ഉണ്ടായതു ഈ സ്കൂളും  കോളേജും ഒക്കെ ഉണ്ടാകുന്നതിനു മുന്പ് ഇവിടെ ആളുകള്‍ ജീവിച്ചില്ലേ .സാംസ്കാരികമായി ചിന്തിക്കുക ,പ്രവര്‍ത്തിക്കുക ,ജീവിക്കുക ഇതൊക്കെയല്ലേ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് .ഇത് വിദ്യാഭ്യാസം ഇല്ലെങ്കിലും നടക്കും.നേടിയവര്‍ കൂടിയപ്പോഴാണ് നാടിന്‍റെ സ്വസ്ഥത കൂടുതല്‍നശിച്ചത് .അതൊക്കെ കരുതി ഒരു പത്തു വരെ .
കോളേജില്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പത്തില്‍ തോറ്റത് കൊണ്ട് അത് നടന്നില്ല .

                          പിന്നെ കരുതി ഭാവിയില്‍ ഒരു അംബാനി ആകണം എന്ന് .അങ്ങിനെ പലതും ചെയ്തു നോക്കി.ഒന്നും നടന്നില്ല ചെയ്യാത്ത പണികളില്ല . ഇപ്പറത്തു അംബാനിയുടെ അക്കൌണ്ടില്‍ പൂജ്യം കൂടി കൂടി വന്നു എന്‍റെ ബാങ്ക് അക്കൌണ്ടില്‍ പൂജ്യങ്ങളുടെ എണ്ണം കുറഞ്ഞു അക്കൌന്റ്  അവസാനം കട്ടായിപോയി.

                        ഇടക്ക് കുറച്ചു കാലം .ആധിപിടിച്ച കുറെ നാളുകള്‍ .പ്രാരാബ്ധങ്ങളുടെ കൂട്ടയോട്ടം .എന്നിട്ടോ എന്തെങ്കിലും നേടിയോ? അതുമില്ല  എനികുമില്ല ..വീട്ടുകാര്‍കുമില്ല,നാട്ടുകാര്‍കുമില്ല എന്ന അവസ്ഥയായി.

                               പ്രവാസി യായപ്പോള്‍ ആദ്യം കിട്ടിയത് ഷുഗറും പ്രഷറും ,..പ്രവാസികള്‍ക്ക് ഇക്കാമ പോലെയാണ് ഷുഗറും പ്രഷറും .ഇത് ഇല്ലാത്തവന്‍ പ്രവാസിയല്ല .എനിക്ക് ഇക്കാമ കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റു രണ്ടു കാര്‍ഡും കിട്ടി .പേപ്പര്‍ ഓക്കേ റെഡിആണ്‌ .
നാട്ടിലായിരുന്നപ്പോള്‍ ഒരു പ്രഷറും ഷുഗറും ഇല്ലായിരുന്നു .അല്ല എങ്ങിനെ ഉണ്ടാകും .ചെണ്ടക്ക് കോല് വെക്കുന്നടിത് എല്ലാം ഓടുകയല്ലേ !എല്ലാ ഗാനമേളക്കും,അയ്യപ്പന്‍ വിളക്കിനും ,നാലാള് കൂടുന്നിടത്ത് എല്ലാംഎത്തേണ്ട . അപ്പൊ ഇതൊക്കെ ആരു നോക്കുന്നു .നാട്ടില്‍ ആയിരുന്നപ്പോള്‍ പ്രായ മുള്ളവര്‍ പോലും ഷുഗര്‍ ,പ്രഷര്എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്നു .


               ഈയിടെയായി ഇടക്കിടെ  ചെസ്റ്റിനു ഒരു ചെറിയ പുകച്ചിലും വേദനയും .ഇടതു ഭാഗത്താണ് കൂടുതലും പുകച്ചില്‍ .ഇടതു വശത്തായത് കൊണ്ട് കുറച്ചു ഭയം കൂടി.

                 ഹൃദയം ആ ഭാഗത്താണ് എന്ന് തോന്നുന്നു .തട്ടി പോയാലോ എന്നൊരു ഭയം വല്ലാതെ കൂടി .ഗ്യാസ് ആയിരിക്കും എന്ന് കരുതി സമാദാനിക്കാന്‍ നോക്കി .അപ്പൊ കൂട്ടുകാര്‍ പറഞ്ഞു ഡോക്ടറെ  ഒന്ന് കാണിക്കാന്‍ .എന്തെങ്കിലും പറ്റിയാല്‍ ആരും ഉണ്ടാവില്ല. അന്യ നാട്ടിലാണ് എന്നൊക്കെ .എന്നാല്‍ ഒന്ന് കാണിക്കാം എന്ന് ഞാനും കരുതി .
            അടുത്തുള്ള ഹോസ്പിറ്റലില്‍ ഒരു ബംഗാളി ഡോക്ടറെ കാണിച്ചു .കമ്പനി ബില്ലായത് കൊണ്ട് ഒരു വിധം എല്ലാം ചെക്ക്‌ ചെയ്തു .ദാ ,,,കിടക്കുന്നു പുതിയ ഒരു സൂക്കേട്‌ കൂടി .
കൊളസ്ട്രോള്‍ .ബാഡ് കൊളസ്ട്രോള്‍ കൂടുതലും നല്ല കൊളസ്ട്രോള്‍ കുറവും .അത് പിന്നെ ആവിശ്യ മില്ലാത്തത് എന്റെടുത്ത്‌ അല്പം കൂടുതലാണ് .അപ്പൊ കൊളസ്ട്രോള്‍ ആയിട്ടു  കുറയില്ലല്ലോ.
ഒരു കൂട് നിറച്ചു മരുന്നും ചീട്ടും ആയിട്ടു റൂമിലേക്ക്‌ മടങ്ങി .മരിച്ചു പോകുമോ എന്നചിന്തയില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി .ഈ മണല്‍ കാട്ടില്‍ നിന്നു മരിച്ചാല്‍ [പടച്ചോനെ കാത്തോളനെ]എന്തായിരിക്കും സ്ഥിതി മറവു ചെയ്യുന്നിടത്ത് ഒരില തണല്‍ ഇല്ല.പരിചയം ഉള്ള ആരും ഉണ്ടാവുകയും ഇല്ല  .അല്ല മരിച്ചാല്‍ പിന്നെ എന്തു തണല്‍ ,എന്തു പരിചയം .
               പിന്നെ ഭക്ഷണം കുറച്ചു ,കമ്പനിയിലെ സെക്കുര്യട്ടി സുടാനിയെയും കൂട്ടി ഓട്ടം തുടങ്ങി  .ഒക്കെ ഒരു മാസം പിന്നെ പഴയ പടി .ഇപ്പോ ഈ നല്ല പ്രായത്തില്‍ എല്ലാം ആയി.സന്തോഷമായി .
നാട്ടില്‍ ചെന്നിട്ടുള്ള ചുറ്റി കറങ്ങള്‍ ഓര്‍ത്തിട്ടു ഒരു സമാതാനവുമില്ല.കഴിഞ്ഞു പോയത് ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടക്കും .ഇവിടെയാണെങ്കില്‍ പണി കഴിഞ്ഞാല്‍ റൂം .ഒരു പെണ്ണിനെ നല്ല വണ്ണം കണ്ടിട്ട് വര്‍ഷം മൂന്നായി .കറുത്ത പര്‍ദയിട്ട മൂടി പുതച്ചുള്ള പോക്ക് കാണുമ്പൊള്‍ തന്നെ കലിയാണ്.ഇനി നോക്കി പോയാലോ തല പോകുന്ന കേസും .

               ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തല മുടി നരക്കാന്‍ തുടങ്ങി .ഇപ്പോ താടിയും മൂനാലെണ്ണം നരച്ചു അതും കൂടി യായപ്പോള്‍ ആകെ തളര്‍ന്നു .കണ്ണാടി നോക്കാനൊന്നും പഴയ താല്പര്യം ഇല്ല .നാട്ടില്‍ ചെന്നിട്ടു വായി നോക്കി നടക്കണം എന്ന് വിചാരിച്ചതായിരുന്നു. താടിയും മുടിയും നരച്ചവനെ ഏത് പെണ്ണാണ്‌ നോക്കുക [ഇത് എന്‍റെ പെണ്ണ്പിള്ള വായിക്കില്ല എന്ന് കരുതുന്നു .കുടുംബ കലഹം ]

                    നാസയിലേക്ക് ഒരു കത്തെഴുതണം .നിങ്ങള് ചൊവ്വയിലും ബുധനിലും തപ്പി നടക്കാതെ നാട്ടില്‍ വന്നു വയസ്സകാണ്ടിരിക്കാനും ആയുസ്സ് നീട്ടി കിട്ടാനും ഉള്ള മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ .ഉള്ളതെല്ലാം വിറ്റു പെറുക്കി യെങ്കിലും വാങ്ങി കഴിക്കാമായിരുന്നു  .ജീവിക്കാനുള്ള കൊതി കൊണ്ടല്ല മരിക്കാനുള്ള ഭയം കൊണ്ടാണ്. 

                                     ചെമ്പ് എന്ന സ്ഥലത്ത്  ജനിച്ചിരുന്നെങ്കില്‍  മ്മളെ  മമ്മൂട്ടിയുടെ അയല്‍ വാസിയായിട്ടു .എന്നാ പിന്നെ ഓന് ചെയ്യുന്നത് ഒളിഞ്ഞു നിന്നു നോക്കി ഓന്റെ മാതിരി ആകാമായിരുന്നു .പഹയനു പത്തറുപതു വയസ്സായിട്ടും ഒരു കോട്ടവുമില്ല.പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ട്യോളപ്പം
ആടി പാടി നടക്കുകയല്ലേ .പഹയന്‍ ഓന്റെ സൌന്ദര്യത്തിന്റെ രഹസ്യം പറഞ്ഞു തരുന്നില്ല .
                     അറുപതു വയസ്സുള്ള മമ്മൂട്ടിയും മുപ്പത്തി അഞ്ചു വയസ്സുള്ള ഞാനും നിന്നാല്‍ പെണ്ണുങ്ങള്‍കെല്ലാം മമ്മൂട്ടീനെ മതി .മമ്മൂട്ടിക്ക് എന്തെ കൊമ്പുണ്ടോ ?. ഓന് ദൈവം എല്ലാം വാരി കോരി നല്‍കി .ഞമ്മക്ക് ഇച്ചിരി യെ തന്നുള്ളൂ .[അസൂയ ]

                  പലപ്പോഴും ഇങ്ങിനെ ഓരോന്ന് ആലോചിച്ചു നിരാശിച്ചു കിടക്കുമ്പോള്‍ സമാധാനിക്കാന്‍വേണ്ടി ഭഗവത് ഗീതയില മഹത് വചനങ്ങള്‍ ഓര്‍ക്കും .സംഭവിച്ചതെല്ലാം നല്ലതിന് ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് ..എന്നാലോ ഇതൊന്നും ആലോചികാണ്ട് നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗീതയെ പറ്റി ഓര്‍ത്തു കിടക്കും .
                  പിന്നെങ്ങിനെ നന്നാകും .നന്നാകരുത് നന്നായി പോയാല്‍ രാഷ്ട്രപതി യായി പോകും .പത്തു നാനൂറു മുറിയുള്ള വീട്ടില്‍ രാഷ്‌ട്രപതി ഭവന്‍ അതും ഒരു ജയിലാണ് .ചുറ്റും ഒരു പാട് ആളുകളും പരിചാരകരും ഒക്കെയായിട്ട്‌ ഒരു ബഹളമായിരിക്കും.

              വൈകുന്നേരത്തെ ഒരു ഒഴിവിനു അടുത്ത ബസ്‌ സ്റ്റോപ്പില്‍ പോയി കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞിരിക്കാന്‍ കഴിയില്ല ,പിന്നെ കട്ടയിട്ടു [പിരിവു ]കാട്ടാസ് റം വാങ്ങി അടിച്ചു പിമ്പിരിയായി എവിടെയെങ്കിലും വീണു കിടക്കാനും ഒന്നും കഴിയില്ല .അത് കൊണ്ട് അത് ഞമ്മക്ക് ശരിയാകില്ല .

               ഒടുവില്‍ ദുര്‍ഗുണ പാഠ ശാലയിലേക്ക് [സൌദി ]വിമാനം കയറി നാട്ടില്‍ അലമ്പ് കളിച്ചു നടക്കുന്നവരെയും ,കിട്ടുന്നത് അന്നന്ന് നശിപ്പികുന്നവരെയും നന്നാക്കി എടുക്കാനുള്ള വര്‍ക്ക്‌ ഷോപ്പാണ് ഗള്‍ഫ്‌ നാടുകള്‍ .പ്രത്യകിച്ചു സൌദി .
                 ഉള്ളത് പറയണമല്ലോ ഇപ്പോള്‍ മൂന്ന് കൊല്ലമായി വലിയ തെറ്റുകളൊന്നും ചെയ്യാതെ കിട്ടുന്നതില്‍ മിച്ചം വെച്ചു കഴിയുന്നു ഇങ്ങിനെ നാട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ വീട്ടിലെങ്കിലും ഒരു അംബാനിയാകാംമായിരുന്നു.

                         പറഞ്ഞു വന്നത് വയസ്സ് മുപ്പത്തി അഞ്ചു .കേരളത്തില്‍ ഒരാളുടെ ശരാശരി ആയുസ്സ് പണ്ട് അറുപതു വയസ്സായിരുന്നു .ഇപ്പോള്‍ അന്പതാണ് എന്നാണ് ഓര്‍മ .അങ്ങിനെയെങ്കില്‍ .366 ഗുണനം50=18300 ദിവസം 
                അമ്പതു വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ദിവസം .എനിക്ക് ഇനി ബാക്കി പതിനഞ്ചു വര്‍ഷം 15 ഗുണനം 
 366 =5490 ദിവസം .തല ചുറ്റുന്നത്‌ പോലെ തോന്നുന്നു വെറും 5490 ദിവസം. മുപ്പത്തി അഞ്ചു വര്‍ഷം തന്നെ പെട്ടെന്ന് പോയി പിന്നയാ പതിനഞ്ചു വര്‍ഷം .അതില്‍ കൂടുതല്‍ കിട്ടിയാല്‍ ബോണസ്സായിരിക്കും.നിങ്ങളും ഒന്ന് കൂട്ടി നോക്കു എത്ര ദിവസം ബാക്കിയുണ്ടെന്ന് 
                എത്രയും കാലം ജീവിച്ചു എന്ന് പറയാന്‍ പറ്റില്ല .കഴിഞ്ഞു എന്നെ പറയാന്‍ പറ്റുള്ളൂ .ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രഷര്‍ ,ഷുഗറും ,കൊളസ്ട്രോളും ,നരയും ഒടുവില്‍ മരണവും ഒന്നും പറയേണ്ട ..തല വിധി അല്ലാതെന്താ പറയുക .
                             ദൈവമേ ഒരു നൂറു വയസ്സ് ആയുസ്സെങ്കിലും തരണേ ,പിന്നെ കുറെ പണവും ..........
                               മനസ്സില്‍ ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല ...ശരീരം അനുസരണ കേടു കാണിക്കുന്നു .അനുഭവിക്കുക തന്നെ .

Friday 3 August 2012

കാരക്ക അച്ചാര്‍.... ..

കാരക്ക അച്ചാര്‍.... ..  ...  


കാരക്കക്ക്  ഈത്ത പഴം എന്നും പേരുണ്ട്,അറബിയില്‍ തമര്‍ എന്നും ഹിന്ദിയില്‍ കജൂര്‍ എന്നും ഇംഗ്ലീഷില്‍ dates എന്നും പറയും വേറെ ഭാഷയില്‍ ചോദിക്കരുത് അറിയില്ല .മരുഭൂമിയിലെ കായ്കുന്ന സ്വര്‍ണം മാണ്‌ കാരക്ക .യാതൊരു ദോഷ ഫലങ്ങള്‍ ഇല്ലാത്ത കാരക്ക  പോഷക സമ്പുഷ്ടമാണ്. 
പല നാടുകളിലും കാരക്ക കൃഷി ചെയ്യുന്നുണ്ട് .എന്നാലും അറേബ്യന്‍ നാടുകളിലെ കാരക്കയാണ്  ഗുണത്തില്‍ മുന്നില്‍ .മുഹമ്മദ്‌ നബിക്ക് [സ ]ഏറെ ഇഷ്ടമുള്ള കാരക്കയാണ് അജുവ .വില കൂടുതലാണെങ്കിലും നല്ല സ്വാദിഷ്ടവും  പോഷക സമ്പുഷ്ടമാണ് .ദിവസവും കഴിച്ചാല്‍ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുന്നതുമാണ് 


അച്ചാറിന്റെ കൂട്ടുകള്‍ പറയും മുന്പ് അതുണ്ടാക്കാന്‍ വന്ന സാഹചര്യം കൂടി ഒന്ന് പറയാം .അപ്പോഴേ അതിനു രസമുണ്ടാകുകയുള്ളൂ എന്ന് തോന്നുന്നു.

                      ചരിത്ര മുറങ്ങുന്ന മദീനയില്‍ ആണ്‌ ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.അന്ത്യ പ്രവാചകന്‍ മുത്ത്‌ റസൂല്‍ ഉറങ്ങുന്ന ഹറമില്‍ നിന്നു ഏകദേശം നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക്. 
മദീനയിലെ പഴയ പള്ളികളില്‍ ഒന്നാണ് മസ്ജിദ് ഇറുവ ,ഈ പള്ളിയോടു ചേര്‍ന്നാണ് എന്‍റെ റൂം.ഇസ്ലാമിക ചരിത്രവുമായി ബന്ധപെട്ട വേറെയും കുറെ പള്ളികള്‍ ഉണ്ട് ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത്  .മസ്ജിദ് കുബ,മസ്ജിദ് മീക്കാത്,മസ്ജിദ് കിബലെതെന്‍,ബിലാല്‍ മസ്ജിദ്,തുര്‍ക്കി മസ്ജിദ് എന്നിവ.

ഇറുവ മസ്ജിദില്‍ ആണ് ഞാന്‍ നോമ്പ് തുറക്കാന്‍ എല്ലാ ദിവസവും പോകാറ്  [ഹറമിലും പോകാറുണ്ട്] കൂടുതല്‍ ദിവസവും ഇവിടെയാണ് പോകുക .ഈ പള്ളിയില്‍ നോമ്പ് തുറക്കാന്‍ ഏകദേശം നൂറില്‍ കുറയാത്ത ആളുകള്‍ ഉണ്ടാകും .ഇവിടെ എത്തുന്ന എല്ലാവര്‍ക്കും ഓരോ പ്ലാസ്റ്റിക് കവറില്‍  വെള്ളം ,കാരക്ക,ജൂസ്,ലബാന്‍[ [[[[[[മോര്] സബാതി[തൈര് ] കഫ്സ[നാട്ടിലെ ബിരിയാണി പോലെത്തെ അറബി ഭക്ഷണം ഇതാണ് പിന്നീട ബിരിയാണി ആയത്എന്ന് തോന്നുന്നു ]പിന്നെ തമ്മീസ് ഇത്രയും സാധനങ്ങള്‍  ഉണ്ടാകും .നോമ്പ്  തുറക്കുമ്പോള്‍ കാരക്കയും വെള്ളവും കഴിച്ചു തുറക്കും .പള്ളിയില്‍ ഇരുന്നു കഴിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും മഗിരിബ് നിസ്കാരം കഴിഞ്ഞു റൂമില്‍ വന്നിട്ടേ അല്പം കനത്തില്‍ കഴിക്കുകയുള്ളൂ .
മൂന്ന് പേരുള്ള റൂമില്‍ മൂന്ന് പേരും ഭക്ഷണം റൂമില്‍  കൊണ്ട് വരും. നോമ്പ് പത്തു ആയപ്പോഴേക്കുംപള്ളിയില്‍ നിന്നും കിട്ടിയ  കാരക്ക രണ്ടു കിലോയോളം റൂമില്‍ ബാക്കിയായി .എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് വീട്ടില്‍ നിന്നു കാരക്ക അച്ചാര്‍ കഴിച്ചത് ഓര്‍മ വന്നു .പിന്നെ ഒന്നും നോക്കിയില്ല കേരള സ്റ്റോറില്‍ പോയി അച്ചാറ് പൊടിയും മറ്റു സാധനങ്ങളും വാങ്ങി അടുക്കളയിലേക്കു പ്രവേശിച്ചു .അറിയും പോലെ അങ്ങ് ഉണ്ടാക്കി .

ഞങ്ങള്‍ കൊഴികൊട്ടുകാര്‍ക്ക് അച്ചാര്‍ വലിയ ഇഷ്ടമാണ് പലരും ഇതുവരെ കൂട്ടാത്ത ഒരു പാട് അച്ചാര്‍ ഞങ്ങളെ പ്രദേശത്ത് ഉണ്ടാക്കും ,പറങ്കി മാങ്ങാ ,ചേന ,ജാതിക്ക ,കാരക്ക അങ്ങിനെ പോകും ലിസ്റ്റ് .
ഇപ്പോള്‍ കുടുംബ ശ്രീ ക്കാര്‍ നൂറ്റിയൊന്ന് തരം അച്ചാര്‍ ഉണ്ടാക്കി വില്കുന്നുനുണ്ട് .
 അച്ചാര്‍  ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ തോന്നി എന്‍റെ ബ്ലോഗിലെ പാചകത്തില്‍ ഒരു കുറിപ്പ് എഴുതാം എന്ന് .
ഇതിനു മുന്പ് ഞാന്‍ മോരു കറി ഉണ്ടാക്കുന്നതിനു  കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു .അത് വായിച്ച പ്രവാസികളായ  എന്‍റെ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ എന്നെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ ഉണ്ടാക്കി നോക്കി നന്നായിടുണ്ട് എന്നല്ലാം .
ഇനി എന്‍റെ അച്ചാര്‍ കുറിപ്പ്  ഏതെങ്കിലും ഒരു  പ്രവാസികെങ്കിലും ഉപകാര പെട്ടാല്‍ ഉള്ള ജാടയില്‍ അല്പം കൂടി കൂട്ടമായിരുന്നു.

 എത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു സംശയം .എന്‍റെ ഉള്ളിലെ സദാചാര പോലീസ് ഉണര്‍ന്നു .ഒരു തട്ടി കൂട്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനു ഇങ്ങിനെയൊക്കെ എഴുതണോ.അച്ചാറ് ഉണ്ടാകുന്ന  ഈസ്റെന്‍ കമ്പനി പോലുംരണ്ടു  വരിയില്‍ ഒതുക്കി .ബ്ലോഗിലെ സദാചാര പോലീസുകാര്‍ കണ്ടാല്‍ നിന്നെ  വെറുതെ വിടുമോ? അതും ശരിയാണല്ലോ , ഒരു നിമിഷം ഞാന്‍ചിന്തിച്ചു .അപ്പോഴും എന്‍റെ  മനസ്സിന് പിടി വാശി. നീ ഇങ്ങിനെ തന്നെ എഴുതണം.നീ നിന്നെ ആദ്യം ബോധിപ്പിക്കുക എന്നിട്ട് മതി നാട്ടുകാരെ .പിന്നെ ഒന്നും നോക്കിയില്ല .അഭിപ്രായം പറയാനുള്ളതാണ് ,അഭിപ്രായം ഇരുമ്പ് ഒലക്കയല്ല എന്നൊക്കെ മഹാന്‍ മാര്‍ പറഞ്ഞ പഴയ സൂത്ര വാക്യങ്ങള്‍ എടുത്തു എന്നോട് തന്നെ  കാച്ചി തടി തപ്പി .ഇപ്പോ തന്നെ ഒരു അച്ചാര്‍ പരുവം ആയി എന്ന് തോന്നുന്നു . ഇനി അച്ചാര്‍ ഉണ്ടാക്കാം .

എനിക്ക് അറിയാവുന്നത് പോലെയുള്ള ചേരുവ താഴെ ചേര്‍കുന്നു.

അവിശ്യമുള്ള സാധനങ്ങള്‍ -നല്ല പഴുത്ത കാരക്ക ,കടുക് ,ഉലുവ ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്  കറിവേപ്പില ,നല്ലെണ്ണ ,അച്ചാര്‍ പൊടി ,വിനാഗിരി,ഉപ്പ് . 

ഉണ്ടാക്കുന്ന വിധം -പാത്രം ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക .എണ്ണ ചൂടായി കഴിഞ്ഞാല്‍ കടുക് പൊട്ടിക്കുക .അല്പം ഉലുവ കൂടി ചേര്‍ക്കുക .ഉലുവ കരിയുന്നതിനു മുന്പ് ഇഞ്ചി ഇടുക.ഇഞ്ചി മൂത്ത് തുടങ്ങുമ്പോള്‍പച്ചമുളക് വെളുത്തുള്ളി ചേര്‍ക്കുക .കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചു വയറ്റുക .തീ കുറച്ചു വെച്ചതിനു ശേഷം കുരു കളഞ്ഞു ചീന്തിയ കാരക്ക ഇതില്‍ ചേര്‍ക്കുക .നന്നായി ഇളക്കി യതിനു  ശേഷം .ഇറക്കി വെച്ചു അച്ചാര്‍ പൊടി ആവിശ്യത്തിന് ചേര്‍ത്ത്അല്പം ഉപ്പും കൂട്ടി ഇളക്കുക  .എന്നിട്ട് വീണ്ടും ചെറിയ ചൂടില്‍ അല്പം സമയം കൂടി അടുപ്പത് വെച്ചതിനു ശേഷം ഇറക്കി വെക്കുക .ചൂട് ആറിയതിനു ശേഷം വിനാകിരി ചേര്‍ത്ത് നനായി ഇളക്കുക .
കാരക്ക അച്ചാറ് റെഡി .

ശ്രദ്ധികേണ്ടത് അച്ചാറ് കേടുകൂടാതെ ഇരിക്കാന്‍ നന്നായി ഉണങ്ങിയ പത്രത്തില്‍ എടുത്തു വെക്കുകയും ,നനയാത്ത സ്പൂണ്‍ ഉപയോഗിച്ച് എടുക്കുകയും ചെയ്താല്‍ കേടാകാതെ കുറെ നാള്‍ നില്‍ക്കും .

NB- ആരെങ്കിലും ഉണ്ടാക്കി കഴിച്ചു വയറിളക്കം പിടിച്ചാല്‍ എന്നെ തെറി പറയരുത് .കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കുന്നതല്ല .