Friday 30 March 2012

മരണം

ടക്,ടക്ക്  ടക്,ടക്ക് 
എന്‍റെ ഹൃദയത്തിന്‍റെ വാതിലില്‍ ആരോ ശക്തിയായി മുട്ടി.ആരായിരിക്കാം ഈ അര്‍ദ്ധ രാത്രി, ഇത്ര ആധികാരികമായി എന്‍റെ വാതിലില്‍ മുട്ടാന്‍......,
അല്പം അമര്‍ഷത്തോടെ ഞാന്‍ ചെന്ന് വാതില്‍ തുറന്നു. നോക്കിയപ്പോള്‍  മുന്നില്‍ "മരണം'' .ആദ്യം ഞാനൊന്നു പകച്ചു .എങ്കിലും പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു .എന്താ ഇവിടെ ..വീട് മാറി കയറിയതാണോ?
മരണം ..പറഞ്ഞു .അല്ല ഞാന്‍ നിങ്ങളെ തേടി വന്നതാണ്‌ .എനിക്ക് തെറ്റിയിട്ടില്ല .
ഞാന്‍ പറഞ്ഞു .ഇല്ല നിങ്ങള്‍ക്ക്‌ തെറ്റി .ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു .എന്‍റെ കുടുംബത്തോടും കൂട്ട് കാരോടൊപ്പവും എനിക്ക് ഇനിയും ഒരു പാട് നാള്‍-- ജീവിക്കണം.മരണത്തെ പറ്റി ഞാന്‍ ചിന്തിച്ചിട്ടെയില്ല .
ഞാന്‍ആധികാരികമായി തറപ്പിച്ചു പറഞ്ഞപ്പോള്‍ മരണം ഒന്ന് പകച്ചു .പിന്നെ എന്തോ  ആലോചിച്ചു ഇരുളിലേക്ക് മറഞ്ഞു .  

Wednesday 28 March 2012

നാളെ

പണ്ടൊക്കെ നടന്നു തളരുമ്പോള്‍  ഓലമേഞ്ഞ ചായകടകളും ,കലുങ്കുകളും  മൈല്‍ കുറ്റികളിലും ഒക്കെ ഇരുന്നായിരുന്നു ക്ഷീണം തീര്‍ക്കാര് 
കുടിക്കാന്‍ ഏതെങ്കിലും കിണറ്റിലെ പാളവെള്ളവും .
ഇന്ന്-ജീവിതം ഓടി തീര്‍ക്കുമ്പോള്‍ അല്പം ആശ്വാസം ബാറുകളും ഷാപ്പുകളുമായി മാറി .


കുറച്ചു കാലം കഴിഞ്ഞാല്‍ മനുഷ്യര്‍ ചന്ദ്രനില്‍ താമസം തുടങ്ങും .അപ്പോള്‍ മലയാളികളായിരിക്കും കൂടുതലും .കാരണം കേരളത്തില്‍ സ്ഥലം കിട്ടാനുണ്ടാവില്ല.ചന്ദ്രനിലെ വിലയും സാധ്യതകളും അറിയാന്‍ നാട്ടിലെ ലോക്കല്‍ ബ്രോക്കര്മാരെ കണ്ടാല്‍ മതി.അവര്‍ ബുക്കിംഗ് തുടങ്ങി .
നാളെ എന്താകുമെന്നു ആര്‍ക്കറിയാം ?

Tuesday 27 March 2012

ഗസല്‍ നോവ്‌

പ്രവാസത്തിന്‍ സന്ധ്യകളില്‍  
ഹൃദയത്തിന്‍റെ സുഖമുള്ള വേദനയില്‍ 
ഉമ്പായിടെ ഗസലും കേട്ടു മയങ്ങുമ്പോള്‍ 
ചൂടുള്ളനിശ്വാസവും തണുത്ത കൈകളുമായി 
പ്രിയ പെട്ടവരാരോ എന്നെ തഴുകും .
അത്തരിന്‍ മണമുള്ള സ്വപ്‌നങ്ങള്‍ 
കോര്‍ത്തിണക്കി മനം നിറയുമ്പോള്‍ 
കാത്തിരിക്കുന്നവരെ കാണാന്‍ ഏറെ-  
കൊതിക്കും അറിയാതെ കണ്ണു നിറയും .
ഇനി എത്ര പുലരികള്‍ കഴിയണം 
എന്‍റെ ശ്വാസത്തിന്‍ ഗന്ധമുള്ള മണ്ണിലെത്താന്‍ .


Sunday 25 March 2012

പുഴ



പുഴയുടെ  താളം -
മരണ സീനിലെ സംഗീതം പോലെ 
നാശം തിരിച്ചറിഞ്ഞ പറവകള്‍ 
കരയുകയായിരുന്നില്ല, ശപിക്കുകയായിരുന്നു 
വെയിലും,മഴയും പ്രകൃതിയുമായി ഇണങ്ങാതെ 
കാലം തെറ്റി നീങ്ങുന്നു .
ആര്‍ക്കും ആരെയും എന്തിനെയും എപ്പോഴും 
നശിപ്പിക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു 
കലികാലം അല്ലാതെ എന്തു പറയാം .

Friday 23 March 2012

മോരുകറി


സമയമില്ലാത്ത പ്രവാസികള്‍ക്ക് പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു കറിയാണ് മോരുകറി .ഇതു പലതരത്തിലും ഉണ്ടാക്കാം .കുമ്പളം മത്തനും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്നവരുണ്ട്.കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് അധികം തലപുകയാതെ മൂന്ന് പേര്‍ക്ക് രണ്ടു നേരത്തേക്കുള്ള ഒരു അടിപൊളി കറി .

അവിശ്യമുള്ള സാധനങ്ങള്‍ 
നാല് റിയാലിന്റെ ഒരു ബോട്ടില്‍ ലബാന്‍[ [{മോര്
കോഴിമുട്ട  ..............ഒന്ന് 
വെളിച്ചെണ്ണ ...........നാല് ടീസ്പൂണ്‍ 
സവോള ..................ഒന്ന് [ പൊടിയായി അരിയണം]
തക്കാളി ...................ഒന്ന് 
പച്ച മുളക് ..............ആറെണ്ണം 
ചുവന്ന മുളക് .......മൂന്നെണ്ണം 
കടുക് .......................ഒരു ടി സ്പൂണ്‍ 
മഞ്ഞ പൊടി ...........ഒരു ടി സ്പൂണ്‍ 
ഉപ്പ്  ..........................ആവിശ്യത്തിന് 
കറിവേപ്പില ...........രണ്ടു അല്ലി  
         
                                                                  ഉണ്ടാക്കുന്ന വിധം   
കറി പത്രത്തില്‍ എണ്ണ ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക .അതിനു ശേഷം പൊടിയായി അരിഞ്ഞ സവോളയും പച്ചമുളകും മൂപ്പിച്ചു .തക്കാളിയും കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ത്ത് നന്നായി വഴറ്റുക .ലബാനില്‍ കോഴിമുട്ട ചേര്‍ത്ത് നന്നാക്കി ഇളക്കിയതിനു ശേഷം മാസലയിലേക്ക് ഒഴിക്കുക .അല്പം അല്പം ചൂടായതിനു ശേഷം മഞ്ഞ പൊടിയും ഉപ്പും ചേര്‍ത്ത് ഇറക്കി വെക്കുക .ചോറിന്‍റെ കൂടെ  അച്ചാറോ,പപ്പടം ,പൊരിച്ച മീനോ ഏതെങ്കിലും ഉണ്ടെങ്കില്‍ ശാപ്പാട് കുശാലാകും .

കുറിപ്പ് ..
കോഴിമുട്ട നിര്‍ബന്ധമില്ല ,വേണമെങ്കില്‍ മോരില്‍  അല്പം വെള്ളം ചേര്‍ക്കാം ,എപ്പോഴും തീ കുറച്ചു വെക്കുക  

Wednesday 21 March 2012

തനിയെ

പലപ്പോഴും 
കഴിഞ്ഞു പോയ കാലം ഓക്കാനിക്കുമ്പോള്‍
മനസ്സിന്‍റെ ഒഴുക്കില്‍ ഒലിച്ചു പോകാറാണ് പതിവ്. 

നമുക്ക് തോന്നുന്നതാവാം ശരി 
തെറ്റിനെ കാലത്തിന്‍റെ കൈകളില്‍ ഏല്പിച്ചു 
മറവിയുടെ നൂല്‍ പുതപ്പില്‍ ഒളിച്ച് ഉറങ്ങാം 
അല്ലെങ്കില്‍ യാത്രയുടെ വേഗത കുറയും .

കണ്ടത് കണ്ണില്‍ പകര്‍ത്തണം 
കേട്ടത് ചെവിയിലും 
പറയാനുള്ളത് മനസാക്ഷി പറയും 
ഭൂത കാലം -വര്‍ത്തമാന കാലത്തോട് 
വല്ലാതെ പരിഭവിക്കുന്നു. 

നല്‍കിയത് സ്നേഹവും ജീവിതവും 
നല്‍കാനുള്ളത് സമ്പാദ്യവും 
ഒടുവില്‍ ഹൃദയമെന്ന ഖജനാവ്‌ 
കാലിയാകുമ്പോള്‍ കൂടെ പോരാന്‍ 
ആരുമുണ്ടാവില്ല .............



                                   

യാത്ര


എപ്പോഴും മഴ പെയ്യുന്നഒരിടത്തിലേക്ക് 
ഒരു യാത്ര പോകണം 
എന്നിട്ട് ആമഴയെല്ലാം നനയണം 
അപ്പോള്‍ മനസ്സാകെ തണുക്കും 
എന്നിട്ട് എന്‍റെ കയ്യില്‍ കരുതിയ 
സൂര്യനെ അവര്‍ക്ക് നല്‍കി -
തണുത്ത ഹൃദയവുമായി 
തിരിച്ചു വരണം.

Tuesday 20 March 2012

ഒരു ലോക മഹാ യുദ്ധം പ്രതീക്ഷിക്കുക .



യുദ്ധ കൊതിയന്മാരായ ഇസ്രയേലും ,അമേരിക്കയും ,ബ്രിട്ടനും കാനഡയും ,മറ്റു സാമ്പത്തിക ആയുധ ശേഷിയുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്‍റെ സുരക്ഷിതതിനുള്ള പേര് പറഞ്ഞും അവരുടെ തിട്ടൂരത്തിന് കൂട്ട് നില്കാത്ത രാജ്യങ്ങളെ ഉപരോധിക്കുകയും ആക്രമിച്ചു നശിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറെയായി .ഇല്ലാത്ത അണുബോംബിന്റെ പേരില്‍ ഇറാഖിനെയും,സ്വന്തം മണ്ണിനു വേണ്ടി പോരാടുന്ന ഫലസ്തീനിനെയും,അഫ്ഗാനെയും അത് പോലെതന്നെ എവിടെയൊക്കെ ഇടപെടാന്‍ കഴിയുമോ അവിടെയെല്ലാം കടന്നു ചെന്ന് നേരിട്ടോഅല്ലാതെയോ നശിപ്പിക്കാന്‍ ശ്രമിക്കുന്നു .ഇറഖിനെ ആക്രമിക്കാന്‍ പറഞ്ഞ അതെ കാരണം തന്നെയാണ് ഇപ്പോള്‍ ഇറാനെആക്രമിക്കാനും  
അമേരിക്ക പറയുന്നത് .ഇതിന്‍റെയെല്ലാം സ്ഥാപിത ലക്‌ഷ്യം പ്രധാനമായും ഒന്ന് അറബ് രാജ്യങ്ങളിലുള്ള എണ്ണ ഖനികളാണ് .രണ്ട് ലോകത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചു ഭീതി പരത്തി  ഇസ്രയേലും അമേരിക്കയും നിര്‍മിക്കുന്ന ലോക നശീകരണ ആയുധങ്ങളും സാങ്കേതിക വിദ്യകളും വിറ്റു കാശാക്കുക.ലോകത്ത് നിലവിലും ഭാവിയിലും അവിശ്യമായി വരുന്ന ക്രുഡോയില്‍ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് അറബ് നാടുകളാണ്.ഈ എണ്ണ പാടങ്ങളുടെ നിയന്ത്രണം അവര്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയാണു കള്ള ആരോപണങ്ങള്‍ ഉന്നയിച്ചു മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നത് .ഇതെല്ലാം തിരച്ചരിഞ്ഞെങ്കിലും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ എല്ലാം സഹിക്കുകയാണ്പല രാജ്യങ്ങളും .ഇറാന്‍ ,വെനിസ്വെല ,ഉത്തര കൊറിയ ,ചൈന .ക്യുബ പോലുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ തിട്ടൂരത്തെ എതിര്‍ത്ത് കൊണ്ടിരിക്കുന്നു .ഇറാനെ പോലുള്ള വന്‍ എണ്ണ സമ്പത്തുള്ള ഒരു രാജ്യത്തെ ഇസ്രയേലും അമേരിക്കയും  ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ചൈനയും റഷ്യയും പോലുള്ള വലിയ  ശക്തികളും ഉത്തരകൊറിയ ,വെനിസ്വെല ,ക്യുബ പോലുള്ള ഇടത്തരം ശക്തികളും ഇറാനെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കും .  അത് ഒരു ലോക യുദ്ധത്തിലേക്ക് വഴി തെളിക്കും .ഇറാഖിനെ പോലെയോ അഫ്ഗാനെ പോലെയോ അല്ല മോശമല്ലാത്ത ആയുധ നാവിക ശക്തിയുള്ള രാജ്യമാണ് ഇറാന്‍.... .. അത് മാത്രമല്ലഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചാല്‍ ഇറാന്‍ അമേരിക്കയുടെ സൌഹൃദ രാജ്യങ്ങളായ സൌദി ,കുവൈത്ത് ,ഖത്തര്‍ പോലുള്ള അമേരിക്കയോട് അടുത്തു നില്‍കുന്ന അറബ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ മുതിരും .പിന്നീട് പരസ്പരം ബന്ധമുള്ള രാജ്യങ്ങള്‍ പലരെയും പരസ്പരം സഹായിക്കും .ഒടുവില്‍ ഒരു ലോക മഹാ യുദ്ധമായി അത് മാറും.അണുവായുധം പോലുള്ള വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട് .വീണ്ടും ഒരു ഹിരോഷിമയും നാഗസാക്കിയുംഉണ്ടാകും .ഇതിന്റെയെല്ലാം ദുരിതത്തില്‍ നിന്നു ലോകത്തിനു രക്ഷ നേടാന്‍ ഒരു പാട് വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും .ലോകത്തുള്ള ഭൂരിപക്ഷം രാജ്യങ്ങളും എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ് .യുദ്ധം തുടങ്ങിയാല്‍ എണ്ണ ഇറക്കുമതി നിലക്കും .എണ്ണ വരവ് നിലച്ചാല്‍ ഇത്തരം രാജ്യങ്ങള്‍ നിശ്ചലമാകും .പട്ടിണിയും വിലകയറ്റവും മൂലം സാധാരണ ജനങ്ങള്‍ പട്ടിണിയിലാകും .അത് കൊള്ളക്കും ആക്രമണത്തിനും വഴി വെയ്ക്കും.യുദ്ധം കൊണ്ട് സമാധാനം നേടാന്‍ കഴിയില്ല .യുദ്ധം കൂടുതല്‍ നാശത്തിലേക്ക് മാത്രമേ വഴി തെളിയു .എന്ന് ഇസ്രയേലും അമേരിക്കയും മനസ്സിലാക്കുന്നത്‌ നല്ലതായിരിക്കും . 
                     വിനാശ കാലേ വിപരീത ബുദ്ധി .........................

Monday 19 March 2012


സി പി ഐ യെം,മിന് സമരങ്ങളില്ലാത്ത കാലം. 
ഒരു വര്‍ഷത്തോളമായി സി പി ഐ യം പ്രതിപക്ഷത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട് .ഒരു വര്‍ഷത്തിനുള്ളില്‍ ശക്തമായ ഒരു സമരത്തിന്‌ പോലും സി പി ഐ യം മിന് നേതൃതം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല .സാധാരണ പ്രതി പക്ഷത്ത്‌ ഇരിക്കുമ്പോള്‍ എന്നും സമരം നടത്തുന്ന പാര്‍ട്ടിയാണ്.ബ്രാഞ്ചു സമ്മേളനം തൊട്ടു സംസ്ഥാന സമ്മേളനം വരെ നടക്കുന്നതിനാല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും സമ്മേളന തിരക്കിലാണ്.പര്ട്ടിയുണ്ടെകിലെ സമരം ചെയ്യാന്‍ പറ്റുകയുള്ളൂ .  ഏകദേശം ആറു മാസത്തോളം കാലം ഇതിനായി മാറ്റിവെച്ചു.
 അപ്പോഴാണ് ജേക്കബ്ഇന്‍റെ അകാല വിയോഗം .തീര്‍ച്ചയായും ഉപ തിരഞ്ഞെടുപ്പ്  വരും .ആകെ രണ്ടു സീറ്റിന്‍റെ കുറവിലാണ് ഉമ്മന്‍ ചാണ്ടി വിലസുന്നത് അതിനൊരു ഷോക്ക്‌ കൊടുക്കാന്‍ നല്ല ഒരു അവസരം വന്നത് അത് ശരിക്കും ഉപയോഗിക്കണം .പിറവം തിരെഞ്ഞെടുപ്പിനുനേതൃതം കൊടുക്കാന്‍  നേതാക്കന്മാര്‍ കൂട്ടത്തോടെ പിറവതെക്ക് പോയി .ഇനിയിപ്പോ കൊഴികോട്ടു വെച്ചു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സും കഴിയുമ്പോള്‍  നെയ്യാറ്റിന്‍കര  ഉപ തിരെഞ്ഞെടുപ്പും .അത് കഴിയുമ്പോള്‍ യു ,ഡി ,എഫ് ആരെയെങ്കിലും ചാക്കിട്ടു പിടിച്ചാല്‍ പിന്നെ നോക്കുകയും വേണ്ട .നാല് പേര് കൂടി ചാടാന്‍ ഉണ്ട് എന്നാണ് പി സി ജോര്‍ജ് പറയുന്നത് .അല്ലെങ്കില്‍  സി പി ഐ യം, യു ഡി എഫില്‍ നിന്നും ആരെയെങ്കിലും ചാക്കിട്ടു പിടിച്ചാലും മതി. കുറഞ്ഞ നാളുകല്‍കുള്ളില്‍ നമ്മുടെ നാട്ടില്‍ പല കളികളും നടക്കും .ഗവര്‍മെന്റിനെതിരെ യാണെങ്കില്‍ ക്ലച് പിടിക്കുന്ന ഒരു സമരവും കിട്ടുന്നുമില്ല .അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ സമരം ചെയ്യാനുള്ള പ്രശ്നങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ.സമരങ്ങള്‍ ഇല്ലെങ്കില്‍ സി ,പി, ഐ, യെം തളരും .ഒരു നൂറു കൂട്ടം പ്രശ്നങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് .എല്ലാത്തിലും ഉപരി  ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായിരിക്കണം മുന്‍‌തൂക്കം കൊടുക്കേണ്ടത് ഇല്ലെങ്കില്‍ ജനങ്ങള്‍ കൂടെ നില്‍ക്കില്ല  മറക്കരുത് . ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം .

Sunday 18 March 2012


 കോഴിക്കോടിന്‍റെ  ജനകീയ കലക്ടര്‍ പി ബി സലിം പടിയിറങ്ങുന്നു 
കോഴിക്കോടിന്‍റെ ചരിത്രത്തില്‍ ഇത്ര  ജനകീയനായ ഒരു കലക്ടര്‍ ഉണ്ടായിട്ടില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയും .മൂന്നു വര്‍ഷം കൊണ്ട് കൊഴികൊട്ടെ ജനങ്ങളുടെ മനസ്സില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത തരത്തില്‍ ഇടം നേടി കഴിഞ്ഞു .ഒരു സക്കാര്‍ പ്രതിനിധി എങ്ങിനെ യായിരിക്കണമെന്നു കേരളത്തിലെ ജനങ്ങള്‍ക്ക്‌ അദ്ദേഹം പ്രവര്‍ത്തനത്തിലൂടെ കാണിച്ചു കൊടുത്തു .ഒരിക്കലും അടുക്കാന്‍ കഴിയാത്ത തരത്തില്‍ അകന്ന മാറാട് കാരെ സ്പര്‍ശം എന്ന് പേരിട്ട സ്നേഹ സംഗമത്തിലൂടെ ഒന്നാക്കി നിര്‍ത്തി വിള്ളല്‍ ഏറ്റെ  കോഴിക്കോടിന്‍റെ പേര് കേട്ട മത സൌഹാര്‍ത്ഥം തിരിച്ചു കൊണ്ട് വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .അത് പോലെ തന്നെ ജില്ലയിലെ അവശത അനുഭവിക്കുന്നവരുടെ  പ്രശ്നങ്ങള്‍ക്ക് നേരിട്ട് ചെന്ന് കണ്ടു പരിഹാരം ഉണ്ടാക്കിയിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ് .പറഞ്ഞാല്‍ തീരാത്തത്ര വികസന പ്രവര്‍ത്തനങ്ങളിലൂടെ ജില്ലക്ക് ചൈതന്യം നല്‍കുവാന്‍ പി ബി സലിം അഹോരാത്രം പരിശ്രമിച്ചു .എല്ലാ വിഭാഗം ജനങ്ങളെയും ഒന്നാക്കി നിര്‍ത്തി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി നിലകൊള്ളുന്നവയാണ്.വിവാദങ്ങളില്‍ പെടാതെ ഏതൊരാള്‍ക്കും എപ്പോഴും തന്‍റെ പ്രശ്നങ്ങള്‍ പറഞ്ഞു ചെല്ലാവുന്ന തരത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിപുലീകരിക്കാന്‍ കഴിഞ്ഞു .ബംഗാളിലെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ബംഗാള്‍ ഗോവര്‍മെന്റ്റ് അദ്ധേഹത്തെ ബംഗാളിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ കുറെ കാലങ്ങളായി ശ്രമം നടത്തുകയായിരുന്നു .നിയമ പരിമിതി ഉപയോഗിച്ച് അദ്ധേഹത്തെ കോഴിക്കോട് നിര്‍ത്തുവാന്‍ കേരളത്തിലെ ഗോവര്‍മെന്റ്റ് പരമാവതി ശ്രമിക്കുകയും ചെയ്തു .ഇതു നാട്ടിലായാലും തന്‍റെ ഉത്തരവാദിത്തം ഭംഗിയായി  നിര്‍വഹിക്കാന്‍ പി ബി സലിം കാണിക്കുന്ന മനസ്സ് പ്രസംസനീയം ന്നെ.നന്ദി.. നന്ദി ..എല്ലാ ഭാവുകങ്ങളും നേരുന്നു .         

Saturday 17 March 2012

എന്‍റെ പ്രണയം



നമ്മളെല്ലാവരും തന്നെ പ്രണയിച്ചവരോ പ്രണയിക്കാന്‍ കൊതിച്ചവരോ ആയിരുന്നു .പ്രണയത്തിന്‍റെ മഞ്ഞു പാളികളില്‍ തട്ടി വീണു പലരും കരഞ്ഞു .തുറന്നു പറയാന്‍ കഴിയാത്ത പ്രണയ പൂക്കാലത്തിന്‍റെ പൂപൊടി കണ്ണില്‍ വീണും പലരും കരഞ്ഞു .തുറന്നു പറയാന്‍ ഒരുപാട് മോഹിച്ചു പറയാന്‍ കഴിയാത്ത അല്ലെങ്കില്‍ തിരിച്ചു കിട്ടാത്ത ഉള്ളു നീറുന്ന കഥകള്‍ നമ്മള്‍ക്ക് പലര്‍ക്കും ഉണ്ട് .മഴകാല മാസത്തിന്‍ ഗന്ധം പോലെയോ ,കോട മഞ്ഞിന്‍ കുളിര് പോലെയോ ,ഇളം വെയിലിന്‍റെ ചൂട് പോലെയോ,നിലവില്‍ പെയ്യുന്ന മഴ പോലെയോ  എന്നോന്നറിയില്ല . ആദ്യ പ്രണയ അനുഭവം ഓര്‍ക്കുപോള്‍ ഇപ്പോഴും മനസ്സില്‍ മധുരം കിനിയുന്നു .
ഞാനും സ്നേഹിച്ചിരുന്നു ഒരു നസ്രാണി പെണ്ണിനെ.തുറന്നു പറയാതെ.പറയാന്‍ ഒരുപാട് കൊതിച്ചു. പല രാത്രികളിലും ഉറങ്ങാതെ കിടന്നു  നാളെ തുറന്നു പറയണം എന്ന് പലപ്പോഴും കരുതും എന്നിട്ട്  ധൈര്യവും വാക്കുകളും സംഭരിക്കും .അവസാനം എല്ലാം പതിവ് പോലെ പറയാന്‍ കഴിയാതെ വേദനയോടെ തിരിച്ചു വരും .മിക്ക ദിവസവും ഞങ്ങള്‍ കാണാറുണ്ടായിരുന്നു .പലതും സംസാരിക്കാരുണ്ടായിരുന്നു.എന്‍റെ ഈ ഇഷ്ട്ടം മാത്രം പറയാന്‍ എനിക്ക് പറഞ്ഞില്ല.എന്‍റെ മനസ്സ് അറിയാനായിരിക്കുമോ അവള്‍ ഇടയ്ക്ക് പറയും ഞാന്‍ കന്യസ്ത്രീ യാകാന്‍ പോകുവാണെന്ന്.അപ്പോള്‍ എന്‍റെ ഉള്ളൊന്നു പിടയ്ക്കും . എന്‍റെ കണ്ണുകളില്‍ അവളോടുള്ള ഇഷ്ടം അവള്‍ കണ്ടില്ല  .അല്ലെങ്കില്‍ കണ്ടിട്ടും എന്നെ പോലെ തന്നെ പറയാന്‍ അവളും ഭയന്നു .അവളൊരു പെണ്ണല്ലേ .ഞാനായിരുന്നു പറയേണ്ടിയിരുന്നത് .ഈയൊരു വിഷയത്തില്‍  ഞാനൊരു ഭീരുവാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌  .കാലം കാത്തു നില്‍ക്കാതെ ഓടിയപ്പോള്‍ രണ്ടു പേരും രണ്ടു വഴിക്കായി .ഇപ്പോ പറയാന്‍ പറ്റുന്ന സാഹചര്യം എല്ലാം കഴിഞ്ഞു. ഇന്നും ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല .കഴിഞ്ഞ കാല സ്വപ്നങ്ങളെ താലോലിച്ചു  മനസ്സിന്‍റെ ജാലക വാതില്‍ തുറന്നിട്ട് കുറവുകളെ ശപിച്ചു ഉള്ളിലെ സങ്കട കടലിനെ വഴി തിരിച്ചു വിട്ട് നഷ്ട്ട ബോധത്തോടെ കഴിയുന്നു . അസ്തമിക്കാത്ത ഒരു പ്രണയ സൂര്യന്‍ എന്‍റെയുള്ളില്‍ നിന്നു ഇപ്പോഴുംകത്തുന്നു .അവളെ എപ്പൊഴും ഓര്‍കുന്ന എന്നെ അവള്‍ ഓര്‍ക്കുന്നുണ്ടാവുമോ ?   


മൌനി ബാബ




കേന്ദ്ര പ്രതിരോധ സഹ മന്ത്രി എ കെ ആന്റണി യെ കുറിച്ച്  വി എസ് അച്യുതാനന്ദന്‍ പറഞ്ഞ മൌനി ബാബ പ്രയോഗം സന്ദര്‍ഭത്തിന് ചേര്‍ന്നു.
കാരണം കുറെ കാലമായി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കേരളത്തില്‍ വന്നു പത്ര സമ്മേളനം നടത്തി തിരിച്ചു ഡല്‍ഹിക്ക് പോകുന്നതാണ് കാണുന്നത് .കേരളത്തെ പിടുച്ചു കുലുക്കിയ മുല്ല പെരിയാര്‍ വിഷയത്തിലും ,ഇറ്റാലിയന്‍ കപ്പല്‍ ആക്രമണത്തിലും ,റയില്‍വേ ബജറ്റിലും ഒന്നും കേരളത്തിന്‌ വേണ്ടി സംസാരിക്കാനും അര്‍ഹമായത് വാങ്ങിയെടുക്കാനും ഒന്നും കാണുന്നില്ല .അത് പോലെ തന്നെ യു ഡി എഫ് ന്‍റെ അര ഡസന്‍ കേന്ദ്ര മന്ത്രിമാര്‍ ഡല്‍ഹിയില്‍ എന്താണ് ചെയ്യുന്നത് എന്ന് പരിശോധികെണ്ടിയിരിക്കുന്നു .കേരളത്തെ പൂര്‍ണമായും തഴഞ്ഞ ഒരു റയില്‍വേ ബജറ്റും പൊതു ബജറ്റും ആണ് യു പി എ ഗവര്‍മെന്റ്റ് അവതരിപ്പിച്ചത് .ഇതിനെതിരെ പ്രതികരികേണ്ട കേന്ദ്ര മന്ത്രി മാര്‍ ഒന്നും പറയുന്നില്ല .
ജനങ്ങളെ മറന്നു  അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന പ്രവണത കൊണ്ഗ്രെസ്സും  ലീഗും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു .


നിലാവിന് നീളം കൂടുമ്പോള്‍ -
കിനാവിനു കണ്ണു നിറയും 
മഴ തോരാതെ പെയ്തപ്പോള്‍ 
കിളികള്‍ക്ക് പറയാനുള്ളത് 
ആരും കേട്ടില്ല .........
കുതിര്‍ന്ന തൂവലുകള്‍ ഉണക്കാന്‍ 
പക്ഷി എങ്ങോട്ടന്നില്ലാതെപറന്നു 
ഒടുവില്‍ തിരുച്ചു വന്നപ്പോള്‍ 
മരം കരയുകയായിരുന്നു .
മഴയും മരവുംസങ്കടങ്ങള്‍ പറയുമ്പോള്‍ 
ഞാന്‍ കരയാന്‍ പാടില്ല ....
ചിറക് തളര്‍ന്നപ്പോഴും തന്‍റെ-
വേദന ഉള്ളിലൊതുക്കി 
എന്‍റെ കണ്ണീരും കൂടി വീണാല്‍ 
കൂട് ഒലിച്ചു പോകും .

Friday 16 March 2012

നൂറില്‍ ...നൂറ്

 ആരാധകര്‍  പ്രതീക്ഷയോടെ കാത്തിരുന്ന സെഞ്ചുറി യുടെ സെഞ്ചുറി സച്ചിന്‍ ലോകത്തിനു സമ്മാനിച്ചിരിക്കുന്നു.അഭിനന്ദന വാക്കുകള്‍ക്ക് അപ്പുറം
മനസ്സിന്‍റെ  ആഴങ്ങളിലേക്ക് ബാറ്റുമായി വിവാദങ്ങളില്ലാതെ ഇളം പുഞ്ചിരിയുമായി നീ മഴപോലെ പെയ്തിറങ്ങി .തളര്‍ന്നു എന്ന് പലരും ആരോപിക്കുമ്പോള്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ  നീ പറന്നുയരുന്നു  .ക്രിക്കറ്റ്‌ ഉള്ളിടത്തോളം കാലം ഈ ലോകം ആത്മാര്‍ഥമായി നിന്നെ സ്നേഹിക്കും . ജൈത്ര യാത്ര തുടരട്ടെ .....

Thursday 15 March 2012

മനുഷ്യന്‍ 
സിനിമയില്‍ ,സീരിയലില്‍
ഇഷ്ട നായകന് ,നായികക്ക് 
അല്ലെങ്കില്‍ അവരുമായി 
അടുത്ത കഥാപാത്രങ്ങള്‍ക്ക്
ഒരു അപകടം സംഭവിച്ചാല്‍ 
ഒരു കയ്യേറ്റം നടന്നാല്‍ 
പ്രണയിക്കുന്നവരും  അല്ലാത്തവരും 
വേര്‍ പിരിഞ്ഞാല്‍ അവര്‍ക്ക്
വേദനിക്കുന്ന ഒരു സീന്‍ വന്നാല്‍ 
നമ്മുടെ കണ്ണുനിറയും,തൊണ്ട ഇടറും  
നമ്മുടെ സുഹൃത്തുക്കള്‍ക്ക് -
അയല്‍ വാസികള്‍ക്ക്,നാട്ടുകാര്‍ക്ക്‌ 
അപത്തുകളും,അപകടങ്ങളും 
ഉണ്ടാകുമ്പോള്‍  പലരുടെയും 
കണ്ണു നിറയുന്നില്ല തൊണ്ട ഇടരുന്നില്ല 
പച്ചയായ ജീവിത കഥ 
ഒറ്റ ടേക്കില്‍ ജീവിച്ചു നരകിക്കുന്നവരുടെ 
കണ്ണീരു കാണുമ്പൊള്‍ ആരും കരയുന്നില്ല 
ഒരു സീന്‍ നാലും അഞ്ചും ടേക്കില്‍ 
അഭിനയിച്ചു എഡിറ്റു ചെയ്തു 
ഫിലിമാക്കി ക്യു നിന്നുതീവിലകൊടുത്തു 
ടിക്കറ്റെടുത്ത് നമ്മള്‍ കരയും 
നമ്മള്‍ തന്നെയാണോ മനുഷ്യര്‍ ?



  1. കുരുത്തം കെട്ട ഗുരുനാഥന്‍ ..
എല്ലാവര്‍ക്കും പോലെ എനിക്കും ഉണ്ട് കുറെ ഗുരുക്കന്മാര്‍ .അതില്‍ ഒരാളെ നിങ്ങള്‍ക്ക്‌ പരിജയപെടുത്താം.എനിക്ക് കമ്പ്യൂട്ടറും ,ഡ്രൈവിങ്ങിന്റെയും ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഗുരു .ഞാന്‍ സ്നേഹം കൂടുമ്പോള്‍ കുരു എന്നും വിളിക്കാറുണ്ട് .പേര് രതീഷ്‌ ഗുരു .കുരുത്തം ഇല്ലെങ്കിലും ഭൂ ഗുരുതാര്‍ഘഷണംനല്ല വണ്ണം ഉണ്ട് .വൈകുന്നേരങ്ങളില്‍ കാട്ടാസ് ബ്രാന്‍ഡ്‌ റം അടിച്ചു ഗുരു ഭൂമിയോട് ചേര്‍ന്ന് കിടക്കുന്നത് പല തവണ ഞാന്‍ കണ്ടിട്ടുണ്ട് .എന്നെ ബിയര്‍ അടിക്കാന്‍ പഠിപ്പിച്ചതും ഈ കാല ദ്രോഹിയായിരുന്നു.എന്നേക്കാള്‍ ആറേഴു വയസ്സ് കുറവാണു .അതിന്‍റെ മര്യാദയോന്നും ചിലപ്പോള്‍ കാണിക്കില്ല. പഠിപ്പിക്കാന്‍ വരുമ്പോള്‍ പുള്ളിക്ക് ഭയങ്കര ജാടയാണ്.ഗുരുവല്ലേ  ഗുരു  എന്തെങ്കിലും പറയാന്‍ പറ്റുമോ കുരുത്ത കേടു പറ്റും .അങ്ങിനെ എല്ലാം ഞാന്‍ സഹിച്ചു .എവിടുന്നൊക്കെയോ നുള്ളി പെറുക്കി ഞാനൊരു കമ്പ്യൂട്ടര്‍ വാങ്ങി വീട്ടില്‍ വെച്ചു .ഒരു പരിപാടി മനസ്സില്‍ കണ്ടായിരുന്നു വാങ്ങിയത് .എനിക്ക് കമ്പ്യൂട്ടര്‍ ഇന്‍റെ ഒരു എ ബി സി ഡി യും അറിയുകയും ഇല്ല അങ്ങിനെയാണ് പുള്ളികാരന്‍ എന്‍റെ ഗുരുവാകുന്നത് .അങ്ങിനെ എന്നെ കമ്പ്യൂട്ടര്‍ പഠിപ്പികാനുള്ള ആദ്യ ദിവസം വന്നു .കൂട്ടുകാരനായ ഗുരു വീട്ടില്‍ വന്നു പടിപ്പിക്കുകയല്ലേ .
രണ്ട് കിലോ കൊഴിയെല്ലാം വാങ്ങാം എന്ന് ഞാനും കരുതി .കുരുത്ത കേടു വേണ്ട .കൊഴിയെല്ലാം വെച്ചു വീട്ടുകാര്‍ കാത്തിരുന്നു .ഒരു രാത്രി കൊണ്ട് കുറെ കാര്യങ്ങള്‍ പറഞ്ഞു തരാം എന്നായിരുന്നു പറഞ്ഞത് .അല്പം വൈകിയാണെങ്കിലും വന്നു രണ്ടെണ്ണം അടിച്ചായിരുന്നു വന്നത് .
ഗുരു കമ്പ്യൂട്ടര്‍ തുറന്നു കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു .എനിക്ക് ഒന്നും മനസ്സിലായില്ല .അപ്പോഴേക്കും ഭക്ഷണം കഴിക്കാനുള്ള സമയമായി .കോഴി കറി കൂട്ടി ഗുരുവും ഞാനും സുഭിക്ഷമായി കഴിച്ചു .പിന്നെ ഞാന്‍ കാണുന്നത് ഗുരു എന്‍റെ കട്ടിലില്‍ കിടന്നു സുഖമായി ഉറങ്ങുന്നതാണ് .ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് എനിക്കറിയാമായിരുന്നു .പിന്നെ ഞാനും കേറി കിടന്നു .കിടന്നു കൊണ്ട് ഞാനോര്‍ത്തു ഇങ്ങിനെ ഒരാഴ്ച പഠിച്ചാല്‍ എന്‍റെ സ്കൂള്‍ പൂട്ടും .പിന്നെ എല്ലാ ദിവസം വൈകുന്നേരങ്ങളില്‍  ഇതിന്‍റെ പേരിലായി ചിലവ് .ചിലവിനു കാശില്ലതായപ്പോള്‍ ഞാന്‍ പഠിപ്പ് നിര്‍ത്തി .പിന്നെ കുറെ കാലം കഴിഞ്ഞു എനിക്കൊരു പൂതി .ഒരു കാറ് വാങ്ങണം പെട്ടന്നെങ്ങാനും മരിച്ചു പോയാല്‍ പിന്നെ  ഒന്നും നടക്കില്ല .അങ്ങിനെ കയ്യിലുള്ളതും ലോണെടുത്തും ഒരു പഴയ കാറ് വാങ്ങി .ഡ്രൈവിംഗ് അറിയാത്ത ഞാന്‍ എങ്ങിനെ വണ്ടി ഓടിക്കും .വീണ്ടും നറുക്ക് മ്മളെ കുരുവിന് .എന്ത് ചെയ്യാനാണ് അവന്‍ എന്നേക്കാള്‍ മുന്പ് എല്ലാം പഠിച്ചു .കാറ് ആയതിനാല്‍ ഗുരുവിനു കാറ് വാങ്ങിയ എന്നേക്കാള്‍ വലിയ ജാട.സഹിച്ചല്ലെ പറ്റു .എന്നെ പഠിപ്പിക്കാന്‍ ഗുരു കാറില്‍ കയറി എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാനും കയറി .വണ്ടി പുറപ്പെട്ടു എന്നിലുള്ള വിശ്വാസം കൊണ്ടാണെന്ന് തോന്നുന്നു ആളുകളും വണ്ടികളും ഉള്ള ഒരു സ്ഥലത്ത് നിന്നും ഡ്രൈവിംഗ് ഇന്‍റെ ഭാഗത്തേക്ക് നോക്കാന്‍ പോലും സമ്മതിച്ചില്ല .ഗുരു ആലോചിച്ചു ഒരു സ്ഥലം കണ്ടുപിടിച്ചു .കക്കയം തടാകതിനോട് ചേര്‍ന്ന് കുറച്ചു ഒഴിഞ്ഞ സ്ഥലമുണ്ട് പിന്നെ കിനാലൂരിലെ പി ടി ഉഷയുടെ ഗ്രൌണ്ടും .കുറെ സമയം ഈ സ്ഥലങ്ങളിലൂടെയൊക്കെ കറങ്ങി ഞങ്ങള്‍ തിരിച്ചു പോന്നു .അപ്പോഴേക്കും ആ പ്രദേശത്തെ എല്ലാ ഷാപ്പുകളിലും കയറാന്‍ ഗുരു പ്രത്യകം ശ്രദ്ധിച്ചു .നാലഞ്ചു കള്ള് ഷാപ്പുകള്‍ ഉള്ള സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു ഗുരു .കാറും കമ്പ്യൂട്ടറും കുറേശെ പഠിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ മറ്റു പലതും പഠിച്ചു .രസകരമായ ഒരുപാടു അനുഭവങ്ങള്‍... വലിച്ചു നീട്ടുന്നില്ല .കാലം ജീവിതത്തില്‍ കരി വാരി തേച്ചപ്പോള്‍  ഇപ്പോള്‍ ആ കുരുത്തം കെട്ട ഗുരുനാഥന്‍ പഠിപ്പിച്ച ഡ്രൈവിംഗ് കൊണ്ട് പട്ടിണിയില്ലാതെ  കഴിയുന്നു .കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് കൊണ്ട് ബ്ലോഗില്‍ എന്തൊക്കെയോ തട്ടി കൂട്ടി എഴുതി ബോറടി മാറ്റുന്നു . എന്‍റെ ഗുരു നാഥന്‍ പലരെയും പലതും പഠിപ്പിച്ചു പ്രൊഫസ്സറായി .നാട്ടില്‍ നില്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ സൌദിയിലെ ഏതോ കോണില്‍ ഫോട്ടോ ഷോപ്പില്‍ സൌദികളെ വെളുപ്പിച്ചു യമനിയെ പറ്റിച്ചു [കട മുതലാളി ]കഴിയുന്നു .എന്നെ പല കളികളും പഠിപ്പിച്ച ഗുരുവിനു എന്തെങ്കിലും തിരിച്ചു നല്‍കേണ്ടെ  ..
ഞാനും പഠിപ്പിച്ചു ഒരു കളി 'ചീട്ടു കളി'. ഇപ്പോള്‍ ഒഴിവു സമയങ്ങളില്‍ ശീട്ട് കളിച്ചു [ഡെയിലി പത്തു റിയാലിനെങ്കിലുംഷവര്‍മ വാങ്ങണം]
ഉറക്കമൊഴിച്ചു നരകിക്കുന്നു ..ഗുരുനാഥനാണ്  പോലും ഗുരുനാഥന്‍ .

Monday 12 March 2012

സി പി ഐ യം  പാമ്പിനെ പാലൂട്ടുന്നു .
സി, പി, ഐ, യം പോലുള്ള ഒരു സംഘടിത ആദര്‍ശപാര്‍ട്ടിയില്‍ നിന്നു പ്രത്യകിച്ചു ഒരു കാരണവും ഇല്ലാതെ ഒരു രാഷ്ട്രീയ മുന്നേറ്റം നടക്കാനിരിക്കെ മറുകണ്ടം ചാടിയത്തിനു പിന്നില്‍   സി, പി, ഐ, യം നേതാക്കള്‍ ആരോപിക്കുന്ന പോലെ ഒരു ചാക്കിട്ടു പിടുത്തം തന്നെ നടന്നു എന്ന് വേണം ഇതു വരെയുള്ള വിവരങ്ങള്‍ വെച്ചു മനസ്സിലാക്കാന്‍ .ഭരണ പക്ഷത്തെ പ്രമുഖ വ്യക്തികള്‍ക്കും പങ്കുണ്ട് എന്ന് പകല്‍ പോലെ വ്യക്തമാകുന്നു .ശെല്‍വരാജ് ഇപ്പോള്‍ ആരോപിച്ച  ആരോപണങ്ങള്‍ സി, പി, ഐ,യംമില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എത്രയോ വര്‍ഷങ്ങളായി നിലവിലുള്ളതാണ് .ഒരു വര്‍ഷം മുന്പ് യു ,ഡി ,എഫ് നെ തെറി വിളിച്ചു വോട്ട് നേടി എം എല്‍ എ ആയത്.അതെല്ലാം മാറ്റി പറയാന്‍ മാത്രം യു ,ഡി ,എഫ് മാറിയിട്ടില്ല .പണത്തിനും അധികാരത്തിനും വേണ്ടി പൊതു പ്രവര്‍ത്തനം നടത്തുന്ന ആളുകളെ ജനങ്ങള്‍ തിരിച്ചരിയെണ്ടതുണ്ട്.നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍ ഉപ തിരഞ്ഞെടുപ്പില്‍ എതിര്‍ പക്ഷത്തിനു വേണ്ടി ശെല്‍വരാജ് മത്സരികുന്നെങ്കില്‍ പണത്തിനു വേണ്ടി മറുകണ്ടം ചാടിയ ഇയാളെ പരാജയ പെടുത്തണം .ഇനിയും ചാടാന്‍ നില്കുന്നവര്‍ക്ക് അതൊരു പാഠമാകും. ഇല്ലെങ്കില്‍ നമ്മുടെ നാടും കര്‍ണാടകയും ,ഒരീസ്സയും പോലെ കുതിര കച്ചവടം നടത്തി അധികാരം നടത്തുന്ന നാണം കേട്ട രാഷ്ട്രീയ കാരുടെ നാടാകും. മലയാളികള്‍ ഉയര്‍ന്നു ചിന്തികേണ്ടിയിരിക്കുന്നു .


Sunday 11 March 2012

കോഴിക്കോട് തീ പിടുത്തം

കോഴിക്കോട് നഗരത്തില്‍ അടിക്കടി ഉണ്ടാകുന്ന തീ പിടുത്തം യാദ്രിശ്ചികമാണെന്ന് തോന്നുന്നില്ല .ഒന്നെങ്കില്‍ ഏതെങ്കിലും വലിയ കടക്കരെന്റെ കട നഷ്ടത്തിലായിരിക്കും വലിയ തുകക്കുള്ള  ഇന്‍ഷുറന്‍സ് എടുത്തു ആളെ വെച്ചു കത്തിക്കുക എന്നിട്ട്  ഇന്‍ഷുറന്‍സ് വാങ്ങുക  ,അല്ലെങ്കില്‍ ഭൂ മാഫിയയുടെ .അല്ലെങ്കില്‍ കെട്ടിട ഉടമയും കച്ചവടക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒക്കെയാകാന്‍ ഏറെ സാധ്യത ഉണ്ട് .ഇതിലൊക്കെ ബലിയാടകുന്നത് പാവപെട്ട കച്ചവടക്കാരാണ്.വലിയ കട ഉടമകള്‍ക്ക്  വലിയ തുകക്കുള്ള  ഇന്‍ഷുറന്‍സ് മറ്റും ഉണ്ടാകും അതിനാല്‍ അവര്‍ക്ക് തീ പിടിച്ചാലും പ്രശ്നമില്ല .ഇവിടെ എന്ത് സംഭവിച്ചാലും നഷ്ട്ടം എപ്പോഴും  സാധാരണകാരന് .കേരളത്തിലെ  ഏറ്റവും നല്ല കലക്ടര്‍ മാരില്‍ മുന്നില്‍ നില്‍കുന്ന  ആളാണ് പി ബി സലിം. ഒരുപാട് നല്ല പ്രവര്‍ത്തികളും തീരുമാനങ്ങളും എടുത്തു പ്രശംസ പിടുച്ചു പറ്റിയ അദ്ധേഹത്തെ തീ കെടുത്താന്‍ ഫയര്‍ ഫോര്‍സ്‌ എത്താന്‍ അല്പം വൈകി എന്ന കാരണത്താല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌ വളെരെ മോശമായി പോയി .ജനങ്ങള്‍ കയ്യേറ്റം ചെയ്യേണ്ടിയിരുന്നത് അവിടെ എത്തിയ മന്ത്രി മാരെയും രാഷ്ട്രീയ കാരെയും ആയിരുന്നു .ഇതിനു മുന്‍പ് തീ പിടിച്ച കെട്ടിടത്തിലെ കച്ചവടകാര്‍ക്ക് നല്‍കാം എന്നേറ്റ നഷ്ട പരിഹാരം നല്‍കാതെ വീണ്ടും വാഗ്ദാനം നല്കാന്‍ എത്തിയ അവരെയായിരുന്നു തടയേണ്ടത് .ഇടക്കിടെ ഉണ്ടാകുന്ന തീ പിടുത്തത്തിന്റെ യദാര്‍ത്ഥ കാരണം ഇനിയും കണ്ടു പിടിച്ചില്ലെങ്കില്‍ ഇനിയും നമ്മുടെ നഗരം കത്തും .ഇതിന്‍റെ പിന്നിലുള്ളവര്‍ 
വലിയ പിടിപാടുള്ളവരാന്.  



Tuesday 6 March 2012

കപ്പലപകടം

കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന കപ്പലപകടം സംശയികേണ്ടിയിരിക്കുന്നു.അറിഞ്ഞോ അറിയാതെയോ എന്ന് വിശദമായി  പരിശോധികെണ്ടെതുണ്ട്.രണ്ടു അപകടങ്ങളും കപ്പല്‍ ചാലുകള്‍ക്ക് പുറമെയാണ് നടന്നത് .ലോകത്തില്‍ മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ രാജ്യം. അത് പോലെ തന്നെ  ഗുണ മേന്മയുള്ള മത്സ്യ സമ്പത്ത് ഏറെയുള്ള നമ്മുടെ പരിധിക്കുള്ളില്‍ ഇടക്കിടെ യുണ്ടാകുന്ന കടല്‍ ആക്രമങ്ങള്‍ ആര്‍ക്കും സംശയം തോന്നാം .നമ്മുടെ മത്സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ വിദേശ കുത്തകകള്‍ ശ്രമം തുടങ്ങിയിട്ട് കുറെ കാലമായി .എല്ലാ രീതിയിലും ഇതിനെ ചെറുകേണ്ടതുണ്ട് . മത്സ്യ ബന്ധനം മാത്രം അറിയുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ കൂട്ട ആത്മഹത്യയിലേക്കും മറ്റു അരാജക പ്രവൃത്തിയിലെക്കും ഒരു സമൂഹം നീങ്ങും .അത് നമ്മുടെ രാജ്യത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് വിഘാതമാകും .


Monday 5 March 2012

പിറവത്ത് ആരു ജയിക്കും ,ജനങ്ങളോ രാഷ്ട്രീയകാരോ ..........?


ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പിറവത്ത് ആരു ജയിക്കും എന്ന് എല്ലാവരും ഉറ്റു നോക്കുകകയാണ് .രണ്ടു കക്ഷികളും നെഞ്ചിടിപ്പ്പ്പോടെയാണ് തിരഞ്ഞെടുപ്പിനെ  നേരിടുന്നത് .എല്‍ .ഡി .എഫ് ജയിച്ചാല്‍ പിന്നെ ഭരണ മുന്നണിക്ക്‌ ഒരു സീറ്റിന്‍റെ ഭൂരി പക്ഷമേ ഉണ്ടാകുകയുള്ളൂ .പിറവത്ത് യു .ഡി .എഫ് തോറ്റാല്‍ തീര്‍ച്ചയായും മുന്നോട്ടുള്ള ഭരണം മെച്ചപെടുത്താന്‍ യു .ഡി.എഫ് ശ്രമിക്കും .ജയിച്ചാല്‍ ആത്മ വിശ്വാസം വര്‍ധിക്കും അഞ്ചു കൊല്ലം ഭരിക്കാന്‍ .അപ്പോള്‍ തീര്‍ച്ചയായും കുറെ അഴിമതി ആരോപണം നേരിടേണ്ടി വരും .അത് കോണ്‍ഗ്രസിന്‍റെ ചരിത്രമാണ്‌ .ഒരു കക്ഷിക്കും അധികം ഭൂരിപക്ഷം ഇല്ലാതിരിക്കുന്നതാണ് സാധാരണ ജനങ്ങള്‍ക്ക്‌ നല്ലത് . ജനങ്ങള്‍ക്ക്‌ ഉപകാര പ്രദമായ പദ്ധതികളും വരണമെങ്കില്‍ ഇത്തരമൊരു ഭയം നല്ലതാണു .ഈ ഉപതിരഞ്ഞെടുപ്പോട് കൂടി പിറവം കാര്‍ക്ക് കുറച്ചു ഗുണം ഉണ്ടാകും .ഭരണ പക്ഷം പരമാവതി സഹായം ചെയ്തു വോട്ട് ശേഖരിക്കാന്‍ ശ്രമിക്കും .ഇടതായാലും ,വലതായാലും നമ്മുടെ നാട്ടിലെ ഉധ്യോഗസ്തരെ നിലക്ക് നിര്‍ത്താന്‍ കഴിയുന്ന ഒരു ഭരണ കൂടം വന്നാലെ ജനങ്ങള്‍ക്ക്‌ രക്ഷയുള്ളൂ .ഇല്ലെങ്കില്‍ എല്ലാം മുറ പോലെ തന്നെ നടക്കു .    

Sunday 4 March 2012

പിന്‍ ബെഞ്ച് ,

പിന്‍ ബെഞ്ച് ,
നാട്ടില്‍  ഒരു അദ്ധ്യായന വര്‍ഷം കൂടി കടന്നു പോകുന്നു .
അത് കൊണ്ടാവാം എന്‍റെ പഠന കാലത്തെ-ക്ഷമിക്കണം പഠനകാലം എന്നു പറയാന്‍ പറ്റില്ല .പഠിച്ചില്ലല്ലോ പിന്നെ എങ്ങിനെ പഠനകാലം. സ്കൂളില്‍ പോയ കാലത്തുള്ള ഓര്‍മ്മകള്‍ മനസ്സിന്‍റെ ഏതോ കോണില്‍ നിന്നു കാലിട്ടടിക്കുന്നു.ഞാനൊക്കെ സ്കൂളില്‍ പോയ കാലത്ത് ക്ലാസ്സില്‍  മുന്‍ ബെഞ്ച്, പിന്‍ ബെഞ്ച്,എന്നൊരു സംഭവം ഉണ്ടായിരുന്നു .ഒരു പത്തിരുപതു വര്‍ഷം മുന്‍പത്തെ കഥയാണ് .ഈ രണ്ടു ബെച്ചുകാര്‍ തമ്മില്‍ പഠനത്തിലും ,ജീവിതത്തിലും ഒരു പാട് അന്തരം ഉണ്ടായിരുന്നു . മുന്‍ ബെഞ്ച് അല്ല ഡിവിഷന്‍ ബെഞ്ച് എന്നായികോട്ടെ അല്പം ആര്‍ഭാടം നല്ലതാ  ,ഈ ബെഞ്ച് കാരുടെ പ്രത്യേകത മിനിമം മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കഴിവുള്ളവരും പഠിപ്പിക്കണമെന്ന് താല്പര്യം ഉള്ള കുടുംബങ്ങളില്‍ നിന്നു വരുന്നവരും ആണ് .ഇവര്‍ ഒന്നാം ക്ലാസ്സില്‍ നിന്നു തന്നെ  സര്‍ക്കാര്‍ ജോലി ഉറപ്പിച്ച redy meide ജീവികളാണ് .പിന്നെ പിന്‍ ബെഞ്ച്,വീട്ടുകാര്‍ വീട്ടിലെ ശല്യത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനും ഉച്ച കഞ്ഞി കഴിക്കാന്‍ പ്രതീക്ഷിച്ചു വരുന്നവരുമാണ് .വേണമെങ്കില്‍ പഠിച്ചോട്ടെ എന്നു മാതാ പിതാക്കളും കരുതുന്ന കുട്ടികള്‍ ഇരിക്കുന്ന സ്ഥലമാണ്‌ പിന്‍ബെഞ്ച്  .കാണുന്ന മാവിനൊക്കെ കല്ലെറിയുക  ,സ്കൂള്‍ കട്ട്‌ ചെയ്തു സിനിമക്ക്പോകുക  ,ഒഴിവു ദിവസങ്ങളില്‍ കൂലി പണിക്കു പോകുക.അങ്ങിനെ ഒരുപാട് ഒരുപാട് ഹോബികള്‍ ഉള്ള ആളുകള്‍ ആയിരിക്കും ഇവര്‍ . ഇപ്പോള്‍ ഏകദേശം നിങ്ങള്‍ക്ക്‌ മനസ്സിലായി കാണും ഞാന്‍ ഏത് ബെഞ്ചിലാണ് ഇരുന്നത് എന്ന് .പിന്‍ ബെഞ്ചില്‍ സംവരണ സീറ്റുള്ള ഒരാളായിരുന്നു ഞാന്‍ . പല ക്ലാസ്സുകളിലും അധ്യാപകര്‍ എന്നെ മുന്‍ ബെഞ്ചില്‍ ഇരുത്തിയിട്ടുണ്ട്‌  .പക്ഷെ പൂച്ചയെ നാട് കടത്തിയ പോലെ ഞാന്‍ പെട്ടെന്ന് തന്നെ പിന്‍ ബെഞ്ചിലേക്ക് തിരിച്ചു എത്തുകയാണ് പതിവ് .എന്തോ ഒരു ആഘര്‍ഷണ സ്വഭാവം ആ പിന്‍ ബെഞ്ചിനുണ്ട് എന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു .ജീവപര്യന്തം തടവ്‌ കാരെ പോലെയാണ് വിദ്യാഭ്യാസ കാലം .പത്തു പതിനാല് വര്‍ഷ കാലം തടവ് പുള്ളികളെ പോലെ കടുത്ത നിയത്രണ ചട്ട കൂടിനുള്ളില്‍ ജീവിക്കണം .സഹിക്കാവുന്നതിലും അപ്പുറമാണ് .ഇപ്പോള്‍ മുന്ബെഞ്ചു , പിന്ബെഞ്ചു  എന്നൊന്നില്ല എന്നാണ് കേള്‍കുന്നത് അധ്യാപകര്‍ എല്ലാവരെയും ഒരു പോലെ കാണുന്നു നല്ലത്.നാലു ചുമരുകള്‍ കുള്ളില്‍  അടച്ചിട്ടു പീഡിപ്പിച്ചു പടിപ്പികേണ്ടതല്ല വിദ്യാഭ്യാസം എന്നു ആദ്യം തിരിച്ചറിഞ്ഞത് പിന്‍ ബെഞ്ച് കാരാണ്.പണ്ടൊക്കെ ഒരു ഹൈസ്കൂള്‍ അധ്യാപകന് വേണമെങ്കില്‍ സിനിമയില്‍ സംഘട്ടനം സംവിധാനം ചെയ്യാനുള്ള കഴിവുകള്‍ ഉണ്ടായിരുന്നു .അത്രയേറെ പീഡന മുറകളായിരുന്നു ക്ലാസ്സില്‍ ഉപയോഗിച്ചിരുന്നത് .ഭാര്യയോട്‌ വഴക്കിട്ടു വന്നാലും.പലിശക്ക് കൊടുത്ത പൈസ കൃത്യമായി കിട്ടിയില്ലെങ്കിലും.അങ്ങിനെ എല്ലാ ദേഷ്യവും തീര്‍കുന്നത് ഞങ്ങളോടയിരിക്കും .അതിനെയൊക്കെ അതി ജീവിച്ചാണ് ലക്ഷ കണക്കിന് പിന്ബെഞ്ചു കാര്‍ ഇന്നു  ഈ നിലയിലെത്തിയത്.  ഇനി ഞാനൊരു സത്യം പറയാം പ്രവാസികളില്‍ എണ്‍പത് ശതമാനവും പിന്ബെഞ്ചു കാരാണ് .കാശ് കൂടുതല്‍ സമ്പാതിച്ച ചില പിന്‍ ബെച്ചു പ്രവാസികള്‍ക്ക് ഇതു വായിക്കുമ്പോള്‍ സഹിക്കില്ല . അതിനു എന്നോട് ചൂടാകേണ്ട .ഒന്നും മറക്കരുത് .പിന്നീട്  മുന്നിലിരുന്നവര്‍ ഭൂരി ഭാഗം പേരും പഠിച്ചു അവര്‍ പ്രതീക്ഷിച്ച ഇരിപ്പിടങ്ങളില്‍ എത്തി .പിന്നിലിരുന്ന  കുറച്ചു ആളുകള്‍ എല്ലാ മേഘലയിലും ചിതറി കിടക്കുന്നെങ്കിലും പ്രധാന മായും കാര്‍ഷിക ,നിര്‍മാണ ,സേവന മേഘലയിലും ഒരു പാട് പേര്‍ പ്രവസികളായും കഴിയുന്നു .മുന്നിലിരുന്ന പഠിക്കാന്‍ മിടുക്കരായ ഉധ്യോഗസ്ഥരും അധികാരം കയ്യിലുള്ളവരും  നമ്മുടെ നാടിന്‍റെ പൊതുമുതല്‍ ചൂഷണം ചെയ്തു ജീവിക്കുന്നു. അവര്‍ക്ക് സമൂഹത്തോട് കടപ്പടില്ല .സ്വന്തം കാര്യം മാത്രം  .പിന്ബെഞ്ചുകാര്‍ നാടിന്‍റെ ഭക്ഷ്യ, സേവന ,നിര്‍മാണ മേഘല സംരക്ഷിച്ചു നിര്ത്തുന്നു .ഇന്ന് ഈ കൊച്ചു കേരളത്തെ പ്രധാനമായും താങ്ങി നിര്‍ത്തുന്നത് ജീവിത സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ചു വെയിലും തണുപ്പും രോഗങ്ങളും ശ്രദ്ധിക്കാതെ ഈ പിന്‍ ബെഞ്ച് കാരായ പ്രവാസികളാണെന്നു  മറക്കരുത് . ഞങ്ങള്‍ കേരളത്തിലെ പൊതു മണ്ഡലത്തിലെ പിന്‍ ബെഞ്ച് കാരല്ല , ഫുള്‍ ബെഞ്ച് കാരാണ് എന്ന് ഓര്‍ക്കുക .ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം . 

                                            എല്ലാവരെയും ഒരു പോലെ കാണുന്നില്ല 

Saturday 3 March 2012

കുറച്ചു സ്വപ്‌നങ്ങള്‍ വില്‍കാനുണ്ട്


                                                    

അതെയ്, ഞാനാദ്യമേ പറഞ്ഞേക്കാം  വില്‍ക്കാനുണ്ട് എന്നു കേള്‍ക്കുമ്പോഴേക്കും വലിയ ചാക്കും എടുത്തു ഓടി വരേണ്ട .
ഞാന്‍ കുറെച്ചേ ഇപ്പോള്‍ കൊടുക്കുന്നുള്ളൂ .അതും കൊടുകേണ്ട ആവിശ്യം ഉണ്ടായിട്ടല്ല .സംഭരണ ശേഷി കുറഞ്ഞത്‌ കൊണ്ടാണ് .അത് മാത്രമല്ല എന്‍റെ സ്വപ്‌നങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് ചിതലിന്റെ ശല്യം കുറേശെ തുടങ്ങിയിടുണ്ട് . ഒന്ന് തട്ടി കൂടി വെക്കണം എന്നു വിചാരിച്ചിട്ട് ഒരു പാട് നാളായി .അതിനുള്ള ഒരു ശ്രമം നടത്തി നോക്കി .കുറെ ആരോടെങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു ഇളക്കം തട്ടുമായിരുന്നു.ആരോടും പറയും കുറെ ആലോചിച്ചു .ദുബായിലുള്ള സന്ദീപിനോട് പറഞ്ഞാലോ എന്നു കരുതിയപ്പോഴാണ് അവന്‍റെ അച്ഛന് സുഖമില്ലന്നു അറിഞ്ഞിത്. ഈ സമയത്ത് അവനോടു പറഞ്ഞാല്‍ അവന്‍ ചവിട്ടും .പിന്നെ നാട്ടുകാരന്‍ രതീഷ്‌ അവനോടു പറഞ്ഞാല്‍ അവന്‍ കുളമാക്കി കയ്യില്‍ തരും അതും വേണ്ട .പിന്നെയുള്ളത് നൌഷാദും സിദ്ധിക്ക് ഭായിയിം ആണ് അവര്‍ കുറെ കേട്ടതാണ് ഇനി കേള്‍ക്കും എന്നു തോന്നുന്നില്ല. പിന്നെ ആരോടും പറയും .കുറെ ദിവസത്തിന് ശേഷം ഫേസ് ബുക്ക് തുറന്നപ്പോള്‍ എനിക്കൊരു പുതിയ ഫ്രെണ്ട് നെ കിട്ടി .
 ആള് വലിയ കക്ഷിയാ .പേര് നൗഷാദ് അകംപാടം .നല്ലൊരു കലാകാരനാണ് .എന്‍റെ ഫാദറിന്റെ  നാട്ടു കാരനും .പറയുമ്പോള്‍ വല്യ കൊമ്പത്ത് തന്നെയായികൊട്ടെ എന്നു ഞാനും കരുതി.പക്ഷെ നൌഷാദ് കലാകാരന്‍ മാത്രമല്ല അയാള്‍ക്ക് മനശാസ്ത്രം അറിയാം എന്ന് തോന്നുന്നു . തുടക്കത്തിലേ  എന്തോ ഒരു സൂചന നൌഷാദിനും കിട്ടിയത് പോലെ  .എന്നെ ഫേസ് ബുക്കില്‍ കാണുമ്പോഴേക്കും അയാള്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു പോകുകയാണെന്ന് തോന്നുന്നു.ആരും പിടി തരുന്നില്ല . ഇന്‍റെര്‍ നെറ്റില്‍ ഒരു കൊച്ചു ബ്ലോഗുണ്ടാക്കി അതിലൂടെയും ഒരു ശ്രമം നടത്തി എന്നിട്ടും ആരും ശ്രദ്ധിക്കുന്നില്ല. എന്നാ പിന്നെ പോട്ടെ പുല്ല് ...എന്ന് ഞാനും കരുതി .
എല്ലാ മഹാന്മാരും തുടങ്ങിയ പോലെ തെരുവില്‍ നിന്നു തന്നെ തുടങ്ങാം .[പെടികേണ്ട നിങ്ങള്ക്ക് ഞാന്‍ മഹാന്‍ അല്ലായിരിക്കും എനിക്ക് ഞാന്‍ മഹാന്‍ തന്നെ ] അങ്ങിനെയാണ് ഞാന്‍ തെരുവിലേക്ക് എത്തിയത് .എന്നു കരുതി ശരഫിയയിലും,ബത്തയിലും, ബലതിലും എവിടെയെങ്കിലും വെച്ചു കണ്ടാല്‍ വില പേശി വാങ്ങാം എന്നു കരുതണ്ട .ശരഫിയയില്‍ എല്ലാം ചൈനീസ്‌  സാധനങ്ങളാണ്.ഇതു ഒറിജിനലാണ്  നിര്‍മ്മാണം  ഞാന്‍ തന്നെ.   
ഈയിടെയായി വല്ലാതെ കണ്ട് കൂട്ടുന്നു .എങ്ങിനെ കാണാതിരിക്കും നമ്മുടെ രാജ്യമല്ലാത്ത ഒരു സ്ഥലത്ത് കുടുംബവും കൂട്ടുകാരും ഇല്ലാതെ ഇരുമ്പിന്‍റെ ഇരട്ട കട്ടിലില്‍ മൂട്ട കടിയേറ്റു ഉള്ളു ഉറുങ്ങാതെ മയങ്ങുമ്പോള്‍  ആരും കണ്ട് പോകും .ഓരോ പ്രവാസിയും ഒരുലോകം തന്നെയാണ് .
അച്ചു തണ്ടില്‍ കറങ്ങുന്ന ഭൂമിയെ പോലെ  ഉടലില്‍ കിടന്നു കറങ്ങുകയാണ് തല.കുഞ്ഞു നാള് മുതല്‍ കണ്ട് കൂട്ടിയ സ്വപ്നങ്ങളും ഉണ്ട് ഈ വില്പനയ്ക്ക് വെച്ചതില്‍ .കുഞ്ഞു നാളില്‍ കരപ്പന്റെ അസുഖം വന്നു കുറച്ചു നാള് ആശുപത്രി യുമായി കഴിഞ്ഞിരുന്നു  .അന്ന് ഒരു ഡോക്ടറാകാന്‍ വല്ലാതെ മോഹിച്ചു .എല്ലാ പ്രതാപതോടും കൂടി രോഗികള്‍ ക്കിടയിലൂടെ നടക്കുന്ന രംഗം എന്നെ എപ്പോഴും കോരിത്തരിപ്പിക്കുന്നു .പിന്നെ വീടിനടുത്തുള്ള  റബ്ബര്‍ തോട്ടത്തില്‍ മരുന്നടിക്കാന്‍ വന്ന വിമാനം [ഹെലികോപ്ടര്‍ റിനെ വിമാനം എന്നായിരുന്നു  അന്ന് വിളിക്കാറ്]   ആ വിമാനത്തിന്‍റെ പൈലറ്റ്‌ ആകാന്‍ ഒരുപാട് കൊതിച്ചു .ഇപ്പോഴും ഹെലികോപ്ടര്‍ ന്‍റെ ആ വലിയ പങ്ക തലയ്ക്കു  മീതെ നിന്നു കറങ്ങുകയാണ് .ഒടുവില്‍ സൌദിയിലേക്ക് വിമാനം കയറിയപ്പോ നടുക്കത്തെ  സീറ്റില്‍ ഇരുന്നു ഞാന്‍ ഓടിക്കുകയാണെന്ന് കരുതി ആശ്വസിച്ചു .പിന്നെ സിനിമ നടനാകാനും ,പാട്ടു കാരനാകാനും, സര്‍ക്കസ് കണ്ടപ്പോള്‍ ഒരു തികഞ്ഞ സര്‍ക്കസ് അഭ്യസിയാകാനും  എല്ലാം പറയുന്നില്ല പറഞ്ഞാലോ എഴുതിയാലോ തീരാത്തത്ര സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു.  ഇന്നലെയും കണ്ട് കുറെ .ഇപ്പോ പലതും നേടാന്‍ കഴിയാത്ത അത്ര അകലത്താണ് ഉള്ളത് .ഈ പത്താം ക്ലാസ്സാണ് എന്നെ കുറെ ഏറെ പറ്റിച്ചത് .പത്താം ക്ലാസ്സ്‌ ജയിച്ചിരുന്നെങ്കില്‍ പഠിച്ചു പലതും നേടാമായിരുന്നു .അത്യാവിശ്യം പഠിക്കുന്ന കൂട്ടത്തിലായിരുന്നു ഞാന്‍ . ഏതോ ഒരു മണ്ടന്റെ വാക്കില്‍ ഞാന്‍ അകപെട്ടുപോയി .പഠിക്കാതെ വല്ല ജോലിക്കും പോയി പത്തു കാശ് ഉണ്ടാക്കാന്‍ ആരോ എന്നെ ഉപദേശിച്ചു .എന്നിട്ട് കാശുണ്ടോ അതും ഇല്ല.ഒമ്പതാം ക്ലാസ്സ്‌ വരെ നല്ലോണം പഠിച്ചതാ. അല്ലെങ്കിലും അവസാനം ഞാന്‍  എപ്പൊഴും കലം ഉടയ്ക്കും .എങ്ങിനെ പഠിക്കും സ്കൂളിന്റെ പുറകില്‍ പറങ്കിമാവ് തോട്ടം. മുന്‍ വശത്ത് നായരേട്ടന്റെ പൂള കറിയും പൊറോട്ടയും .പറങ്കിമാങ്ങയുടെ അണ്ടി പറിച്ചു വിറ്റു പൂള കറിയും പൊറോട്ടയും ശാപ്പിട്ടു ക്ലാസ്സിലിരുന്നാല്‍ പൂള കറി മാതിരി പോലെ ഒരു കുഴച്ചിലാണ് .ഉച്ചയ്ക്ക് ശേഷമുള്ള  കെമിസ്ട്രിയും ,ഫിസിക്സും ഒരക്ഷരം പോലും തലയില്‍ കേറില്ല .ഉച്ചയ്ക്ക്  മുന്പ് പഠിച്ച ബയോളജി വെച്ചാണ്‌ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് .
എനിക്കറിയാം എന്താ നിങ്ങള്‍ നോക്കി നില്‍ക്കുന്നത് എന്നു .നിങ്ങളും എന്‍റെ മാതിരി കുറെ കണ്ടു കൂട്ടി കാണും അല്ലെ . അത് പോലെയല്ല ഇത് നിങ്ങളുടെ കുട്ടികള്‍- കെങ്കിലും ഉപകാര പെടും .ഞാന്‍ ഒരു പാട് തിളക്കത്തോടെ കണ്ടതാണ് ഇപ്പോ കുറച്ചു തിളക്കം കുറവുണ്ടന്നെ കരുതി എടുക്കാതിരിക്കണ്ട.
പേടിക്കാതെ എടുത്തോളു.......
ഇനി ഒരു കുഞ്ഞു ആഗ്രഹം കൂടി  നിങ്ങളോട് പറയാം, വില്‍ക്കാനില്ല ,റൂമിലെ നിലത്തു പേപ്പര്‍ വിരിച്ചു ഖുബ്ബൂസ് മത്തി കറിയും കൂട്ടി  തിന്നുമ്പോള്‍ തോന്നിയതാ . സൌദി രാജാവിന്‍റെ അനുജനായി ജനിച്ചാ മതിയായിരുന്നു എന്ന്.രാജകീയമായി ജീവിക്കാന്‍ കൊതിയാകുന്നു .  വലുതായപ്പോള്‍ വലുതായിട്ടാ കാണുന്നത് കുറച്ചു കൂടിപോയോ .തെറി പറയല്ലേ.. ക്ഷമിക്ക് ഞാന്‍ വലിയ നിലയില്‍ സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട്  നിങ്ങള്‍ക്ക്‌ സഹിക്കുന്നില്ല അല്ലെ ?ഞാനെന്തു ചെയ്യാനാ ...അസൂയ ...അസൂയ ............